വിനോദ സഞ്ചാര വിസയിലെത്തി മതപ്രചരണം നടത്തിയ യു എസ് പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യ

വിനോദ സഞ്ചാര വിസയിലെത്തി മതപ്രചരണം നടത്തിയ യു എസ് പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യ


ന്യൂഡല്‍ഹി: വിനോദ സഞ്ചാര വിസയിലെത്തി മതപ്രചരണം നടത്തിയ മൂന്ന് യു എസ് പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദ്ദേശം. അവര്‍ക്കു നല്‍കിയ വിസയിലെ അനുവദനീയമല്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൂനെ സിറ്റി പൊലീസ് മൂന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിടാനുള്ള നോട്ടീസ് നല്‍കിയത്.

മെയ് പത്തിനകം രാജ്യം വിടാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധ്യവയസ്‌കരായ മൂന്ന് അമേരിക്കന്‍ പൗരന്മാര്‍ ഏപ്രില്‍ 19നും ഏപ്രില്‍ 21നും ഇടയില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. മൂന്നു പേരും മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്തതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ മതപരമായ പ്രസംഗത്തിലും പഠിപ്പിക്കലിലും ഏര്‍പ്പെട്ടതിലൂടെ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 27ന് പൂനെയിലെ ശുക്രവാര്‍ പേത്ത് പ്രദേശത്ത് ഒരു സ്വകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച് മൂവരും ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നിവയുള്‍പ്പടെ ഒന്നിലധികം ഭാഷകളിലുള്ള ലഘു ലേഖകള്‍ നല്‍കിയതായാണ് ആരോപണം.

തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച് ക്യാബ് ഡ്രൈവറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പൂനെ പൊലീസിലെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യ വിടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.