ചെന്നൈ: സംഗീത സംവിധായകനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന് തമിഴ് ഗായിക സ്വാഗത കെ കൃഷ്ണന്‍. ശിവശങ്കരി ടോക്‌സ് എന്ന യ്യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തമിഴിലെ അറിയപ്പെടുന്ന ഗായികയായ സ്വാഗതയുടെ വെളിപ്പെടുത്തല്‍.
സംഗീത സംവിധായകന്റെ പേര് ഇതുവരെ ഗായിക വെളിപ്പെടുത്തിയിട്ടില്ല. താന്‍ ചെന്നൈയില്‍ നിന്നും ഋഷികേശിലേക്ക് താമസം മാറിയതിന് കാരണം ഈ സംഗീത സംവിധായകനാണെന്നും മദ്രാസിലെ ജെഫ്രി എപ്സ്റ്റീനാണ് അയാളെന്നും സ്വാഗത ആരോപിച്ചു.
സ്റ്റുഡിയോയ്ക്ക് അകത്ത് വച്ചാണ് താന്‍ ലൈംഗികാതിക്രമം നേരിട്ടെതെന്നും അവിടെ സി സി ടി വി ക്യാമറകളും സ്‌പൈ ക്യാമറകളും സ്ഥാപിച്ചിരുന്നുവെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. തന്നെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തുവെന്നും അത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
അതൊരു സൗണ്ട് പ്രൂഫ് മുറിയായിരുന്നുവെന്നും നിലവിളിച്ചാല്‍ ആരും കേള്‍ക്കില്ലെന്നും മറ്റു കുട്ടികളുടെയും ചിത്രങ്ങള്‍ അയാള്‍ സ്റ്റുഡിയോയില്‍ വച്ച് രഹസ്യമായി പകര്‍ത്തിയതായും പീഡനത്തിനു ശേഷം അപമാനം നേരിട്ടുവെന്നും സിനിമാ മേഖലയില്‍ അപകീര്‍ത്തിപ്പെട്ടുവെന്നും ഗായിക പറഞ്ഞു.
2022ലും 2023ലും സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട മോശം അനുഭവത്തെ പറ്റി സ്വാഗത തുറന്നു പറഞ്ഞിരുന്നു. അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയെങ്കിലും പിന്നീട് വലിയ പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നില്ലെന്നും നിലവില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും ഗായിക പറഞ്ഞു.
ഗായിക ആരോപിക്കുന്ന സംഗീത സംവിധായകന്‍ സാം സിഎസ് ആണെന്നാണ് യ്യൂടൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ പറയുന്നത്.
