നിര്‍മിത ബുദ്ധി ഭാവിയില്‍ മനുഷ്യരെ കൊല്ലുമെന്ന് മസ്‌ക്

നിര്‍മിത ബുദ്ധി ഭാവിയില്‍ മനുഷ്യരെ കൊല്ലുമെന്ന് മസ്‌ക്


കാലിഫോര്‍ണിയ: നിര്‍മിത ബുദ്ധി ഭാവിയില്‍ മനുഷ്യനെ കൊന്നേക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എ ഐയ്ക്ക് എതിരെ ഇലോണ്‍ മസ്‌ക് നല്‍കിയ കേസിന്റെ വിചാരണയ്ക്കിടെ കാലിഫോര്‍ണിയ കോടതിയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. 

നിര്‍മിത ബുദ്ധി ഒന്നുകില്‍ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആയുധമാവും, അല്ലെങ്കില്‍ ഏറ്റവും വലിയ ഭീഷണിയാകും എന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്.

സാങ്കേതികവിദ്യ വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. എങ്ങോട്ടേക്കാണ് നിര്‍മിത ബുദ്ധി നമ്മെ നയിക്കുന്നത് എന്നതില്‍ ശ്രദ്ധവേണം. നമ്മളെ എല്ലാം അത് കൊല്ലും എന്നാണ് നൂതന എ ഐ സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ മസ്‌ക് കോടതിയില്‍ പറഞ്ഞത്. ടെര്‍മിനേറ്റര്‍ സിനിമയിലേതു പോലെയുള്ള ഇരുണ്ട ഭാവിയല്ല നമുക്ക് വേണ്ടതെന്നും സ്റ്റാര്‍ ട്രക്ക് സിനിമയിലേതുപോലെയാണെന്നും മസ്‌ക് പറയുന്നു.

2015ല്‍ ഇലോണ്‍ മസ്‌ക് കൂടി ചേര്‍ന്നാണ് ഓപ്പണ്‍ എ ഐ രൂപീകരിച്ചത്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ കമ്പനി വാണിജ്യ വിജയത്തിലേക്ക് മാറിയെന്നാണ് മസ്‌കിന്റെ ആരോപണമെങ്കിലും ഓപ്പണ്‍ എ ഐ ഇവയെല്ലാം തള്ളുകയായിരുന്നു.