ഇറാനെതിരെ 'വീണ്ടും ശക്തമായ' ആക്രമണ പദ്ധതി: നീക്കം കടുപ്പിച്ച് അമേരിക്ക

ഇറാനെതിരെ 'വീണ്ടും ശക്തമായ' ആക്രമണ പദ്ധതി: നീക്കം കടുപ്പിച്ച് അമേരിക്ക


വാഷിംഗ്ടൺ: ഇറാനെ സമാധാന കരാറിലേക്ക് നിർബന്ധിതമായി എത്തിക്കാൻ  'ചുരുങ്ങിയതെങ്കിലും ശക്തമായ' സൈനികാക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആക്രമണം. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ,ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്ന്  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാറിന് ഇറാൻ തയ്യാറാകുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഉപരോധം ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണെന്നും ട്രംപ് പറഞ്ഞു.

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനും തുടർന്ന് ചർച്ചകൾ നടത്തുന്നതിനുമുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക തള്ളി. ആദ്യം ഉപരോധം നീക്കണമെന്നും പിന്നീട് ആണവ ചർച്ചകൾ നടത്താമെന്നുമായിരുന്നു ഇറാന്റെ നിലപാട്.

ഇറാനെതിരെ കടുത്ത മുന്നറിയിപ്പും പുറത്തുവന്നു. ഉപരോധം തുടരുകയാണെങ്കിൽ 'മുമ്പുനടത്തിയതിലും ശക്തമായ പ്രതികരണം' ഉണ്ടാകുമെന്ന് ഇറാൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നയതന്ത്ര ശ്രമങ്ങൾക്ക് അവസരം നൽകാനായിരുന്നു ഇതുവരെ ക്ഷമ പാലിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാനെതിരെ സമ്മർദ്ദം കൂട്ടാനുള്ള  പ്രധാന ആയുധമായി അമേരിക്ക ഉപരോധം തുടരുമ്പോൾ, സൈനിക നടപടികളും പരിഗണനയിലുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പശ്ചാത്തലത്തിൽ, മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.