ഇസ്ലാമാബാദ്: ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മൗലാന സല്‍മാന്‍ അസര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജയ്‌ഷെയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹാവല്‍പുരില്‍ അജ്ഞാതവാഹനമിടിച്ചാണു മരണമെന്നാണ് പറയുന്നത്.
ബഹാവല്‍പുരില്‍ ജയ്‌ഷെയുടെ കേന്ദ്രമായ സുബഹാനള്ള മര്‍ക്കസില്‍ ഇയാളുടെ സംസ്‌കാരം നടത്തിയെന്നാണു റിപ്പോര്‍ട്ട്. ജയ്‌ഷെയുടെ നേതൃത്വത്തിലെ പ്രധാനിയായ അസര്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണു പാക്കിസ്ഥാനില്‍ വീണ്ടും ഭീകരന്‍ കൊല്ലപ്പെടുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ മേധാവി ഹഫീസ് സയീദിന്റെ വിശ്വസ്ത സംഘത്തിലെ പ്രധാനിയായ അഫ്രീദിയെ തൊട്ടടുത്തു നിന്ന് ഒരാള്‍ വെടിവയ്ക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ഇത്തരത്തില്‍ 30നു മുകളില്‍ ഭീകരര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലാഹോറിലും കറാച്ചിയിലും പഞ്ചാബിലും സിന്ധിലുമടക്കം ഭീകരര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി. ഇവയിലെല്ലാം ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ആക്രമണം നടത്തിയവര്‍ കടന്നുകളഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജയ്‌ഷെയുടെ മറ്റൊരു മുതിര്‍ന്ന കമാന്‍ഡര്‍ മൗലാന അബ്ദുല്‍ അസീസ് എസാര്‍ പാക് പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്ര സംഘത്തിലെ പ്രധാനിയായിരുന്നു എസാര്‍. ജയ്‌ഷെ ആസ്ഥാനത്ത് ഇയാളുടെ സംസ്‌കാരം നടത്തുന്നതിന്റെ വീഡിയൊ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
