ടെഹ്‌റാൻ: ഇറാന്റെ സമ്പുഷ്ട യൂറേനിയം ശേഖരത്തെക്കുറിച്ചുള്ള അനിശ്ചിതത്വം കൂടുതൽ ഗൗരവകരമാകുന്നു. അമേരിക്ക സൈനികാക്രമണങ്ങൾ നടത്തി രണ്ട് മാസം കഴിഞ്ഞിട്ടും ഏകദേശം 11 ടൺ (22,000 പൗണ്ട്) യൂറേനിയത്തിന്റെ നിലവിലെ സ്ഥാനം വ്യക്തമായിട്ടില്ലെന്നതാണ് പുതിയ ആശങ്ക.
യൂറേനിയം ഒരു 'ഡ്യുവൽയൂസ്' വസ്തുവാണ്. കുറഞ്ഞ അളവിൽ സമ്പുഷ്ടമാക്കിയാൽ അത് വൈദ്യുതി ഉൽപാദനത്തിനുള്ള ആണവ റിയാക്ടറുകളിൽ ഉപയോഗിക്കാം. എന്നാൽ ഉയർന്ന അളവിലേക്ക് സമ്പുഷ്ടമാക്കുമ്പോൾ അതേ വസ്തു ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാനാകും. ഇതിലാണ് പ്രധാന ഭീഷണി. 20 ശതമാനം വരെ സമ്പുഷ്ടമാക്കുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണെങ്കിലും, അതിന് ശേഷം 60 ശതമാനത്തിലേക്കും 90 ശതമാനത്തിലേക്കും (ആയുധ നിലവാരം) എത്തുന്നത് വളരെ വേഗത്തിലാണ്.
ഇറാൻ 2006 മുതൽ വ്യാവസായിക തോതിൽ യൂറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചിരുന്നു. തുടക്കത്തിൽ ഇത് സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് അവർ ആവർത്തിച്ചു പറഞ്ഞത്. 2010ൽ 20 ശതമാനം വരെ സമ്പുഷ്ടമാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആശങ്ക ഉയർന്നു. കാരണം, 20 ശതമാനം എന്നത് ആണവായുധ നിലവാരത്തിലേക്കുള്ള വഴിയിലെ വലിയ ഘട്ടമാണ്.
ഈ സാഹചര്യത്തിലാണ് 2015ൽ ഇറാനും ലോക ശക്തികളും തമ്മിൽ ആണവ കരാർ രൂപംകൊണ്ടത്. കരാറനുസരിച്ച് സമ്പുഷ്ടീകരണം 3.67 ശതമാനമായി പരിമിതപ്പെടുത്തി, ശേഖരവും കർശനമായി നിയന്ത്രിച്ചു. ഇറാൻ ഏകദേശം 12.5 ടൺ യൂറേനിയം പുറത്തേക്ക് മാറ്റുകയും ശേഖരം ഗണ്യമായി കുറയ്ക്കുകയും ചെയ്തു.
എന്നാൽ 2018ൽ അമേരിക്ക കരാറിൽ നിന്ന് പിന്മാറിയതോടെ സ്ഥിതിഗതികൾ മാറി. സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായി ഇറാൻ വീണ്ടും സമ്പുഷ്ടീകരണം വർധിപ്പിച്ചു. 2021ഓടെ ഇത് വീണ്ടും 20 ശതമാനത്തിലെത്തി. പിന്നീട് 60 ശതമാനം വരെ ഉയർത്തി, ഇത് ആണവായുധ നിലവാരത്തോട് വളരെ അടുത്തതാണ്.
2025ൽ അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടായ 12 ദിവസത്തെ സംഘർഷത്തിനിടെ യുഎസ് സേന ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളായ നത്താൻസ്, ഫോർഡോവ് എന്നിവയും ഇസ്ഫഹാനിന് സമീപമുള്ള സംഭരണ തുരങ്കങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തി. അതിന് പിന്നാലെ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം നിർത്തിവച്ചു. ഇതോടെ നേരിട്ടുള്ള പരിശോധനകൾ അവസാനിക്കുകയും ചെയ്തു.
ഇപ്പോൾ ഉപഗ്രഹ നിരീക്ഷണം മാത്രമാണ് ഉള്ളത്. എന്നാൽ ശേഖരത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ അത് മതിയാകുന്നില്ല. ആക്രമണങ്ങളിൽ നശിച്ച തുരങ്കങ്ങൾക്കടിയിൽ യൂറേനിയം മറഞ്ഞിരിക്കാം എന്നാണു ചിലരുടെ വിലയിരുത്തൽ. അതിനെ കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്യുന്നത് വഴരെയേറെ ക്ലേശകരമാണ്.
അമേരിക്കൻ ഭരണകൂടം ഉപഗ്രഹങ്ങൾ വഴി സ്ഥാനം നിരീക്ഷിക്കുന്നുണ്ടെന്നും, ഇറാന്റെ ആണവ ശേഷി ഗുരുതരമായി തകരാറിലായെന്നും അവകാശപ്പെടുന്നു. എന്നാൽ ചില വിദഗ്ധർ ഇതിനെ ചോദ്യം ചെയ്യുന്നു. ഇസ്ഫഹാൻ മലനിരകളിലെ രഹസ്യ തുരങ്കങ്ങളിൽ ഇറാൻ പുതിയ സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിച്ചിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ഇത് ശരിയാണെങ്കിൽ, അന്താരാഷ്ട്ര മേൽനോട്ടമില്ലാതെ ഇറാൻ വീണ്ടും രഹസ്യമായി ആണവ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാവുകയാണ്. എന്നിരുന്നാലും, നിലവിലുള്ള യൂറേനിയം ഉപയോഗിച്ച് പ്രവർത്തനക്ഷമമായ ആണവായുധം നിർമ്മിക്കാൻ മാസങ്ങളോ, ചിലപ്പോൾ ഒരു വർഷത്തിലധികമോ എടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മൊത്തത്തിൽ, ഇറാന്റെ യൂറേനിയം ശേഖരം എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. എന്നാൽ ഈ അനിശ്ചിതത്വം തന്നെ ആഗോള സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇറാന്റെ 11 ടൺ സമ്പുഷ്ട യൂറേനിയം എവിടെ? യുഎസ് ആക്രമണങ്ങൾക്ക് ശേഷവും ദുരൂഹത തുടരുന്നു
