ജയ്പൂര്‍: കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയ്ക്ക് ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ കൈയേറ്റം. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, അനുയായികളുടെ തോളിലേറി പ്രതിഷേധ വേദിയിലേക്ക് നീങ്ങുകയായിരുന്ന ദിപ്‌കെയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞുനിര്‍ത്തുന്നതും അദ്ദേഹത്തിന്റെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ വലിച്ചിഴച്ച് പലതവണ അടിക്കുന്നതും കാണാം. തുടര്‍ന്ന് അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു.
ജയ്പൂരിലെ ഷഹീദ് സ്മാരകത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് സമാധാനപരമായ പ്രതിഷേധം നടത്തണമെന്ന അഭ്യര്‍ഥന അഭിജീത് ദിപ്‌കെ നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിനിടയില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
കോക്രോച്ച് ജനത പാര്‍ട്ടി അടുത്തിടെ രാജ്യവ്യാപക പ്രതിഷേധ പരമ്പരയ്ക്ക് തുടക്കം കുറിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധ സംഗമത്തോടെയായിരുന്നു പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് അമൃത്സര്‍, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലും യുവജന പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കമുള്ള പരീക്ഷാ ക്രമക്കേടുകളും സി ബി എസ് ഇ ഓപ്പണ്‍ സ്‌കൂളിംഗ് മോഡ്യൂളുമായി (ഒ എസ് എം) ബന്ധപ്പെട്ട ആരോപണങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധക്കാര്‍ വീണ്ടും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ദിപ്‌കെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദമാണ് ഈ പ്രക്ഷോഭമെന്നും വരും ദിവസങ്ങളില്‍ ഇതിന് കൂടുതല്‍ ശക്തി കൈവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മെയ് മാസത്തിലാണ് കോക്രോച്ച് ജനത പാര്‍ട്ടി രൂപംകൊണ്ടത്. 'കോക്രോച്ച്' എന്ന പ്രതീകത്തെ ചെറുത്തുനില്‍പ്പിന്റെ അടയാളമായി ഉയര്‍ത്തിക്കാട്ടിയ സംഘടന സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് നേടുന്നത്.
