അന്റാര്‍ട്ടിക്ക: ലോകത്തിലെ ഏറ്റവും തണുപ്പേറിയ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയും അസാധാരണമായ ചൂട് തരംഗത്തിന്റെ പിടിയിലാണെന്ന് ശാസ്ത്രജ്ഞര്‍. ജൂണ്‍ 6ന് അന്റാര്‍ട്ടിക്കയിലെ ചില പ്രദേശങ്ങളില്‍ 15.4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതായി ഗവേഷകര്‍ രേഖപ്പെടുത്തി.
ട്രിനിറ്റി പെനിന്‍സുലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ അപൂര്‍വ പ്രതിഭാസം കണ്ടെത്തിയത്. നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിന്‍ഗന്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസര്‍ റൗള്‍ കോര്‍ഡെറോയുടെ അഭിപ്രായത്തില്‍ ഈ കാലയളവില്‍ സാധാരണ നിലയേക്കാള്‍ ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് രേഖപ്പെടുത്തിയ താപനില.
ഇത് വളരെ വലിയ അസാധാരണ സംഭവമാണെന്നും ഈ സമയത്ത് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് അത്യപൂര്‍വമാണെന്നും അദ്ദേഹം ദ ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു.
ചിലിയിലെ ഹിമാനി ഗവേഷകനായ ലൂയിസ് മുനോസും സഹപ്രവര്‍ത്തകരുമാണ് ഈ പ്രതിഭാസം നേരിട്ട് അനുഭവിച്ചത്. കോളിന്‍സ് ഹിമാനിയുടെ മുകളിലേക്ക് കയറിയപ്പോള്‍ പുറത്തുണ്ടായിരുന്ന മഞ്ഞും ഐസും ഉരുകിയതായി മുനോസ് പറഞ്ഞു.
ഈ സമയത്ത് സാധാരണയായി 20 സെന്റിമീറ്ററോളം മഞ്ഞും ധാരാളം ഐസും നിലത്ത് ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴയും ഉപരിതലത്തിലെ ഐസ് ഉരുക്കാന്‍ തക്ക ചൂടുള്ള മഴത്തുള്ളികളുമാണ് തങ്ങള്‍ കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം രൂപംകൊണ്ട സൂപ്പര്‍ എല്‍ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ് അന്റാര്‍ട്ടിക്കയിലെ ഈ അസാധാരണ ചൂട് രേഖപ്പെടുത്തപ്പെട്ടത്. കഴിഞ്ഞ 150 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങളിലൊന്നായിരിക്കുമിതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
നാസയുടെ ഉപഗ്രഹങ്ങള്‍ എല്‍ നിനോയുടെ പ്രാരംഭ സൂചനകള്‍ കണ്ടെത്തുകയും അത് ഉറപ്പായും സംഭവിക്കുമെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വാഷിങ്ടണിലെ നാസ ആസ്ഥാനത്തെ ശാസ്ത്രജ്ഞ നദ്യ വിനോഗ്രഡോവ ഷിഫറിന്റെ അഭിപ്രായത്തില്‍ സെന്റിനല്‍-6 മൈക്കിള്‍ ഫ്രെയ്‌ലിച്ച് ഉപഗ്രഹത്തിന് പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കെല്‍വിന്‍ തരംഗങ്ങളെ നിരീക്ഷിക്കാനും സമുദ്രത്തിന്റെ താപഗതിക മാറ്റങ്ങള്‍ കണ്ടെത്താനും അതുവഴി അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും സാധിക്കും.
ലോകം എല്‍ നിനോയെ അതീവ ജാഗ്രതയോടെ കാണണമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ രൂപംകൊണ്ടിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇത് മിതമായതോ ശക്തമായതോ ആയ നിലയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ ഒ എ എ) പ്രസ്താവനയില്‍ പറഞ്ഞു.
കിഴക്കന്‍ മധ്യ പസഫിക് മേഖലയിലെ സമുദ്രോപരിതല താപനില സാധാരണ നിലയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിലധികം ഉയരാന്‍ 63 ശതമാനം സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ അതിനെ 'വളരെ ശക്തമായ എല്‍ നിനോ'യായി കണക്കാക്കുമെന്നും എന്‍ ഒ എ എ വ്യക്തമാക്കി.
അന്റാര്‍ട്ടിക്കയിലെ ഏറ്റവും ആശങ്കാജനകമായ മാറ്റങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന തൈ്വറ്റ്‌സ് ഹിമാനിയുടെ കിഴക്കന്‍ ഭാഗത്തുള്ള മഞ്ഞുപാളി ഈ വര്‍ഷം തന്നെ വേര്‍പെടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
'ഡൂംസ്ഡേ ഗ്ലേഷ്യര്‍' എന്നറിയപ്പെടുന്ന തൈ്വറ്റ്‌സ് ഹിമാനി പശ്ചിമ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നാണ്. ഏകദേശം 120 കിലോമീറ്റര്‍ വീതിയുള്ള ഈ ഹിമാനിക്ക് ചിലയിടങ്ങളില്‍ 6,500 അടിയിലധികം കനം ഉണ്ടെന്നാണ് കണക്കുകള്‍.
ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, ഉപഗ്രഹ ചിത്രങ്ങള്‍ തൈ്വറ്റ്‌സ് ഈസ്റ്റേണ്‍ ഐസ് ഷെല്‍ഫ് ഉടന്‍ തന്നെ പ്രധാന ഹിമാനിയില്‍ നിന്ന് വേര്‍പെടുമെന്ന് സൂചിപ്പിക്കുന്നു.
2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2067-ഓടെ പ്രതിവര്‍ഷം 180 മുതല്‍ 200 ബില്യണ്‍ ടണ്‍ വരെ ഐസ് തൈ്വറ്റ്‌സ് ഹിമാനിക്ക് നഷ്ടമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സമുദ്രനിരപ്പ് ഉയരുന്നതില്‍ ഈ ഹിമാനിയുടെ ഉരുകല്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
