ജിയോ ക്രെഡിറ്റില്‍ 49.9 ശതമാനം വരെ ഓഹരി ഏറ്റെടുക്കാന്‍ ബാങ്ക് ഓഫ് അമേരിക്ക; ജിയോ ഫിനാന്‍ഷ്യലുമായി ധാരണ

ജിയോ ക്രെഡിറ്റില്‍ 49.9 ശതമാനം വരെ ഓഹരി ഏറ്റെടുക്കാന്‍ ബാങ്ക് ഓഫ് അമേരിക്ക; ജിയോ ഫിനാന്‍ഷ്യലുമായി ധാരണ


മുംബൈ/ ന്യൂയോര്‍ക്ക്: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള നോണ്‍- ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയായ (എന്‍ ബി എഫ് സി) ജിയോ ക്രെഡിറ്റ് ലിമിറ്റഡില്‍ 49.9 ശതമാനം വരെ ഓഹരി ഏറ്റെടുക്കാന്‍ ബാങ്ക് ഓഫ് അമേരിക്ക ധാരണയിലെത്തി. ഇക്വിറ്റി ഓഹരികളും വാറന്റുകളും മുന്‍ഗണനാ അലോട്ട്‌മെന്റ് വഴി ഏറ്റെടുക്കുന്നതിനുള്ള അന്തിമ കരാറില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷനും ഒപ്പുവച്ചു.

ഇന്ത്യയിലെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപുലമായ ഡിജിറ്റല്‍ സാന്നിധ്യവും പ്രാദേശിക വിപണി പരിജ്ഞാനവും ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള സാമ്പത്തിക സേവന മേഖലയിലെ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതാണ് പങ്കാളിത്തം. ഡിജിറ്റല്‍ സേവനങ്ങള്‍, നൂതന സാങ്കേതികവിദ്യ, വായ്പ ലഭ്യത, ശക്തമായ റിസ്‌ക് മാനേജ്‌മെന്റ് എന്നിവയിലൂടെ ഉപഭോക്താക്കളുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

ഇന്ത്യയില്‍ അതിവേഗം വളരുന്ന എന്‍ ബി എഫ് സികളിലൊന്നാണ് ജിയോ ക്രെഡിറ്റ്. പ്രവര്‍ത്തനം ആരംഭിച്ച് വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ 2026 ജൂണ്‍ 30 വരെ 30,667 കോടി രൂപയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എ യു എം) കമ്പനി കൈവരിച്ചു. ഏകദേശം 3.2 ബില്യണ്‍ യു എസ് ഡോളറിന് തുല്യമാണ് ഈ തുക.

ഡിജിറ്റല്‍ അധിഷ്ഠിത വായ്പാ സ്ഥാപനമായ ജിയോ ക്രെഡിറ്റ് പരമ്പരാഗത ധനകാര്യ സേവനങ്ങളെയും ആധുനിക ഡിജിറ്റല്‍ സൗകര്യങ്ങളെയും ബന്ധിപ്പിക്കുന്നതിനാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവിലുള്ളതും പുതിയതുമായ വിവിധ വായ്പാ ഉത്പന്നങ്ങളിലൂടെ ഉത്തരവാദിത്തപൂര്‍വമായ വായ്പാ അവസരങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയില്‍ ബാങ്ക് ഓഫ് അമേരിക്കയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ഈ നിക്ഷേപം സഹായിക്കും. പ്രാദേശിക വിപണി പരിജ്ഞാനവും സാങ്കേതിക മികവും ഉള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

ദീര്‍ഘകാല മൂലധന പിന്തുണയിലൂടെ വായ്പാ ബിസിനസിന്റെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക സേവനങ്ങള്‍, കോര്‍പ്പറേറ്റ് ഗവേണന്‍സ്, റിസ്‌ക് മാനേജ്‌മെന്റ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ബാങ്ക് ഓഫ് അമേരിക്കയുടെ വിദഗ്ധ പരിജ്ഞാനവും ജിയോ ക്രെഡിറ്റിന് ലഭിക്കും.

കരാര്‍ നടപ്പാകുന്നതോടെ ജിയോ ക്രെഡിറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനും ബാങ്ക് ഓഫ് അമേരിക്കയ്ക്കും തുല്യ പ്രാതിനിധ്യമുണ്ടാകും. നിലവിലെ മാനേജ്‌മെന്റ് ടീം തന്നെ കമ്പനിയുടെ തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും തുടര്‍ന്നും നയിക്കും.

അതേസമയം, ജിയോ ക്രെഡിറ്റ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ തുടര്‍ന്നും ഉപസ്ഥാപനമായി ഏകീകരിക്കപ്പെടും.

2047ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാന്‍ വിശ്വാസം, വ്യാപ്തി, എല്ലാവരെയും ഉള്‍ക്കൊള്ളല്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ശക്തമായ സാമ്പത്തിക സംവിധാനം അനിവാര്യമാണെന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാന്‍ മുകേഷ് ഡി അംബാനി പറഞ്ഞു. ഉത്തരവാദിത്തപൂര്‍വമായ വായ്പാ ലഭ്യത ജനാധിപത്യവത്ക്കരിക്കുക എന്നത് പ്രധാന സംഗതിയാണെന്നും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ വായ്പ ലഭ്യമാക്കുക, പൂര്‍ണ സുതാര്യത ഉറപ്പാക്കുക, സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച് മൂലധനത്തിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് ഓഫ് അമേരിക്കയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ഈ ദൗത്യത്തിലെ നിര്‍ണായക നാഴികക്കല്ലാണെന്നും ജിയോയുടെ ഡിജിറ്റല്‍ വ്യാപ്തിയും ബാങ്കിന്റെ ആഗോള പരിചയസമ്പത്തും സംയോജിപ്പിച്ച് ഇന്ത്യയിലെ എല്ലാവര്‍ക്കും വായ്പ ലഭ്യമാക്കുന്ന പ്രക്രിയ കൂടുതല്‍ സുഗമമാക്കാന്‍ കഴിയുമെന്നും അംബാനി വ്യക്തമാക്കി.

ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബ്രയാന്‍ മൊയ്‌നിഹാനും ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ വിപണികളിലൊന്നാണെന്ന് പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ 3 ബില്യണ്‍ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതിവേഗം വളര്‍ന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ജിയോയുടെ വിപണി സാന്നിധ്യം, പ്രാദേശിക പരിജ്ഞാനം, ഉപഭോക്തൃ അടിത്തറ എന്നിവ ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള സാന്നിധ്യവും ഡിജിറ്റല്‍ സേവന പരിചയവും ഏകദേശം 250 വര്‍ഷത്തെ ബാങ്കിങ് പാരമ്പര്യവുമായി സംയോജിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാനും കഴിയുമെന്ന് മൊയ്‌നിഹാന്‍ വ്യക്തമാക്കി.