ബാർ കൗൺസിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് കോ ചെയർമാനും; മന്നൻ മിശ്ര പുറത്തേക്കോ?

ബാർ കൗൺസിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് കോ ചെയർമാനും; മന്നൻ മിശ്ര പുറത്തേക്കോ?


ന്യൂഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ മിശ്രയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങളുമായി ബിസിഐ സഹ ചെയർമാനും രം​ഗത്ത്. നിയമനങ്ങളിലെ ക്രമക്കേടുകൾ, കൗൺസിൽ ഫണ്ട് വകമാറ്റി ചെലവഴിക്കൽ, ലോ കോളേജുകളുമായുള്ള സാമ്പത്തിക ഇടപാടുകൾ, ഭരണപരമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സഹ-ചെയർമാൻ വൈ.ആർ. സദാശിവ റെഡ്ഡി രം​ഗത്തെത്തിയത്. ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര അടിയന്തരമായി രാജിവയ്ക്കണമെന്ന് അ​ദ്ദേഹം ആവശ്യപ്പെട്ടു.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ പങ്കെടുപ്പിക്കുന്നതിനെതിരേ വിദ്യാർത്ഥികൾ ഉന്നയിച്ച പ്രതിഷേധത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ എന്റോൾമെന്റ് തടഞ്ഞ സംഭവമാണ് കോ-ചെയർമാനും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അഭിപ്രായം പ്രകടിപ്പിച്ചതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ, നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോയിലെ 2026-ൽ പഠനം പൂർത്തിയാക്കുന്ന ബാച്ചിനെ എൻറോൾ ചെയ്യേണ്ടതില്ലെന്ന് ബിസിഐ ചെയർമാന്റെ ഓഫീസ് നിർദ്ദേശിച്ചത് വഴിവിട്ട തീരുമാനമായിരുന്നെന്ന് റെഡ്ഡി ആരോപിച്ചു. ബിസിഐയുടെ മുന്നിൽ വിഷയം അവതരിപ്പിക്കുകയോ കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യുകയോ ചെയ്യാതെയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

"എന്നോട് ഇക്കാര്യം ആലോചിച്ചിരുന്നില്ല. എനിക്കറിയാവുന്നിടത്തോളം, കൗൺസിലുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല," അദ്ദേഹം പറഞ്ഞു.

ഈ വിഷയങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട റെഡ്ഡി, കത്ത് ലഭിച്ച് 15 ദിവസത്തിനുള്ളിൽ രാജി സമർപ്പിക്കണമെന്നും മിശ്രയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. "രാജ്യത്തെ അഭിഭാഷക സമൂഹം, തങ്ങളുടെ കൗൺസിലിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ മികച്ച സേവനം അർഹിക്കുന്നുണ്ട്. അതിനുള്ള അവസരം ഒരുക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു," കത്തിൽ റെഡ്ഡി കുറിച്ചു.

150 കോടി രൂപയുടെ ഫണ്ട് വകമാറ്റൽ, കുടുംബ നിയമനങ്ങൾ, നാൽസാർ വിദ്യാർഥികൾക്കെതിരായ നിയമവിരുദ്ധ നടപടി എന്നിവ ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി, മനൻ മിശ്ര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. മൂന്ന് പതിറ്റാണ്ടായി അഭിഭാഷകനായി പ്രവർത്തിക്കുന്ന താൻ ഇത്തരമൊരു വിഷയത്തിൽ മൗനം പാലിക്കുന്നത് ശരിയായി തോന്നിയില്ലെന്നും അതിനാലാണ് തുറന്നുപ്രതികരിച്ചതെന്നും റെഡ്ഡി കത്തിൽ പറഞ്ഞു.

ബിസിഐയുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുകയോ കൗൺസിലിന്റെയും ബിസിഐ ട്രസ്റ്റ് ആയ 'പേൾ-ഫസ്റ്റ്'ന്റെയും പ്രത്യേക ഓഡിറ്റ് നടത്തൽ, ലോ കോളേജുകൾ, സർവകലാശാലകൾ അല്ലെങ്കിൽ അവയുടെ മാനേജ്‌മെന്റുകളിൽ നിന്നുള്ള സംഭാവനകളോ പണമിടപാടുകളോ അടിയന്തരമായി നിർത്തിവയ്ക്കൽ എന്നിവയും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് മലയാളി അഭിഭാഷക എം ജി യോഗ മായ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. മിശ്രയുടെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണ സംവിധാനവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

2012 ലാണ് മനൻ കുമാർ മിശ്ര ആദ്യമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പദവിയിലേക്ക് എത്തുന്നത്. 2014ൽ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബർ മുതൽ വീണ്ടും ചെയർമാനായി തുടരുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. 2025 മാർച്ചിലും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാമത്തെ തുടർച്ചയായ ചെയർമാൻ കാലാവധിയാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തിൽ 2025 ഏപ്രിൽ 17 മുതൽ 2030 ഏപ്രിൽ 16 വരെ അഞ്ച് വർഷത്തെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരം ചെയർമാനും വൈസ് ചെയർമാനും രണ്ട് വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഹർജിയിൽ വാദിക്കുന്നു. അതുകൊണ്ട് ഒരു ഭരണപരമായ വിജ്ഞാപനത്തിലൂടെ ചട്ടങ്ങളിൽ പറയുന്ന കാലാവധിക്കപ്പുറം ചെയർമാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു.