അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം

അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം


ന്യൂഡല്‍ഹി : അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്.

കര്‍ഷകര്‍ക്കൊപ്പം അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെ പാക് റേഞ്ചേഴ്‌സ് ആര്‍പി സിങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കൈവശം റൈഫിളും ഉണ്ടായിരുന്നു. സൈനികന്റെ മോചനം ഉറപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സൈനികരോ, സാധാരണക്കാരോ ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് പതിവാണ്. തുടര്‍ന്ന് സൈനിക പ്രോട്ടോകോള്‍ വഴി ഇത് പരിഹരിക്കപ്പടാറുമുണ്ട്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതിന് മറുപടിയുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമമേഖല അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനിച്ചു.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സൈനിക ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30 നകം രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള വിസ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. സിഖ് തീര്‍ഥാടകര്‍ക്ക് ഇളവ് നല്‍കി.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ പ്രാബല്യത്തില്‍ വന്നു. ചികിത്സയ്ക്ക് അടക്കം പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കാനാണ് തീരുമാനം. കൂടാതെ വിസ സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതി യോഗം എടുത്ത തീരുമാനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ വിസകള്‍ ഏപ്രില്‍ 27ന് റദ്ദാകും. ഏപ്രില്‍ 29 വരെ മാത്രമേ മെഡിക്കല്‍ വിസകള്‍ക്ക് സാധുതയുള്ളൂ. ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരും വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം പാകിസ്ഥാനിലുള്ളവരോട് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.