ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആശ്വാസ അലവൻസും മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രഖ്യാപിച്ച ഈ തീരുമാനം 1.17 കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വർധിപ്പിച്ച ഡിഎ 2026 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും. ഏകദേശം 48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 68.71 ലക്ഷം പെൻഷൻകാരും ഇതിന്റെ ഗുണഭോക്താക്കളാകും. ഡിഎ, ഡിആർ എന്നിവയിലെ വർധനവ് സർക്കാർ ഖജനാവിന് വാർഷികമായി 10,016 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ തവണ രണ്ട് ശതമാനമായിരുന്ന ഡിഎ വർധനവാണ് ഇപ്പോൾ മൂന്ന് ശതമാനമായി ഉയർത്തിയിരിക്കുന്നത്. ഉത്സവ സീസണിൽ ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. വര്‍ഷത്തില്‍ രണ്ടുതവണയാണ് ജീവനക്കാരുടെ ഡിഎ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുക. ഇതോടെ മൊത്തം ക്ഷാമബത്ത 63 ശതമാനമായി ഉയര്‍ന്നു.
ദീപാവലി സമ്മാനം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു
