സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്


മാഡ്രിഡിന് തെക്കുഭാഗത്ത് വന്‍ ട്രെയിന്‍ ദുരന്തം; 500ലധികം യാത്രക്കാര്‍ ട്രെയിനുകളിലുണ്ടായിരുന്നു, മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍

മാഡ്രിഡ്: സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുറഞ്ഞത് 30 പേര്‍ മരിച്ചതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. തലസ്ഥാനമായ മാഡ്രിഡിന് തെക്കുഭാഗത്താണ് അപകടം. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അപകടത്തില്‍പ്പെട്ട ട്രെയിനുകളിലായി 500ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും മരണസംഖ്യ ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ വക്താവ് പറഞ്ഞു.

റെയില്‍വേ ഓപ്പറേറ്ററായ അഡിഫിന്റെ (Adif) വിവരമനുസരിച്ച്, റെന്‍ഫെ (Renfe) ട്രെയിനും മാഡ്രിഡ്-സെവിയ്യ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഐറിയോ (Iryo) കമ്പനിയുടെ ട്രെയിനും തമ്മിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഗതാഗത മന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര നടപടികളും പുരോഗമിക്കുകയാണ്.

സംഭവസ്ഥലത്തെ കാഴ്ചകള്‍ വിവരിക്കവെ, അവിടെ വലിയ ആശയക്കുഴപ്പവും പരിഭ്രാന്തിയും ഉണ്ടായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ട്രെയിനുകളിലൊന്നില്‍ യാത്ര ചെയ്തിരുന്ന 17 വയസ്സുകാരന്‍ സ്പാനിഷ് മാധ്യമത്തോട് പറഞ്ഞു. 'ഇതൊരു ദുരന്തമായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപകടത്തിന്റെ സാഹചര്യങ്ങളും കാരണം സംബന്ധിച്ച വിവരങ്ങളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ കൂടുതല്‍ വ്യക്തമായിട്ടില്ല.