കമ്മീഷണറും തെറിച്ചു; ചേരാനെല്ലൂർ അന്വേഷണ വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ

കമ്മീഷണറും തെറിച്ചു; ചേരാനെല്ലൂർ അന്വേഷണ വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ


തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പകരം ദക്ഷിണമേഖല ഐജിയായ ആര്‍ നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും അന്വേഷണ മേല്‍നോട്ടത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കുകയായിരുന്നു. നിശാന്തിനിക്ക് പകരം പി പ്രകാശ് ദക്ഷിണമേഖലാ ഐജിയാകും.

ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. 

പൊലീസിന്റെ ഭാ​ഗത്തു നിന്നുണ്ടായ വീഴ്ചകൾ സസ്പെൻഷൻ ഉത്തരവിൽ അക്കമിട്ടു പറയുന്നുണ്ട്. വകുപ്പുകൾ ചുമത്തിയതിൽ പിഴവുണ്ടായി. പരാതിക്കാരുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു. ഗ്രേഡ് എസ്.ഐ കെ റ്റി മനോജും സീനിയർ CPO അരുൺ ജോസിയുമാണ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചത്. BNS 105 ചുമത്താൻ കാരണം ഉണ്ടായിട്ടും മനഃപൂർവം ഒഴിവാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.