500 രൂപയ്ക്ക് ഗ്യാസും സൗജന്യ റേഷനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും; ഡല്‍ഹയില്‍ വമ്പന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

500 രൂപയ്ക്ക് ഗ്യാസും സൗജന്യ റേഷനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും; ഡല്‍ഹയില്‍ വമ്പന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡല്‍ഹിയില്‍ വമ്പന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ 500 രൂപയ്ക്ക് ഗ്യാസും സൗജന്യ റേഷനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ എഐസിസി ചുമതലയുള്ള ഖാസി നിസാമുദ്ദീനും ഡല്‍ഹി കോണ്‍ഗ്രസ് മേധാവി ദേവേന്ദര്‍ യാദവും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഡല്‍ഹിക്ക് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി എന്ന് തുടങ്ങുന്ന ഒരു എക്സ് പോസ്റ്റും കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്.

''ഡല്‍ഹിക്ക് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി. പണപ്പെരുപ്പം തടയാനുള്ള ദുരിതാശ്വാസ പദ്ധതി പ്രകാരം 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, സൗജന്യ റേഷന്‍ കിറ്റ്. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം തുടങ്ങി എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റും,'' എന്ന് എക്സില്‍ കുറിച്ചു.

ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പറഞ്ഞു. അതേസമയം, ജനുവരി 6 ന് കോണ്‍ഗ്രസ് 'പ്യാരി ദീദി യോജന' പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കും. ജനുവരി 8 ന് 'ജീവന്‍ രക്ഷാ യോജന' പ്രഖ്യാപിച്ചു, ഇതിന്റെ കീഴില്‍ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴിലില്ലാത്ത ഡല്‍ഹിയിലെ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും 8,500 രൂപ നല്‍കുമെന്നും ഞായറാഴ്ച കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി 8 ന് നടക്കും.