ന്യൂഡൽഹി: നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിനെതിരായി ഡൽഹിയിൽ നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കില്ലെന്ന് ഡൽഹി സർക്കാർ. സുപ്രീം കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ഉണ്ടായ എല്ലാ അറസ്റ്റുകളും പുനഃപരിശോധിക്കുമെന്നും ആഭ്യന്തര വകുപ്പിറക്കിയ പ്രസ്താവനയിൽ വിശദമാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രധാന ആവശ്യത്തിലൊന്ന് ഇതായിരുന്നു.
കേസുകളിൽ അറസ്റ്റോ കസ്റ്റഡിയിലെടുക്കലോ ഇതിനകം നടന്നിട്ടുണ്ടെങ്കിൽ, അവ പുനഃപരിശോധിക്കുന്നതിനും അറസ്റ്റിലായവരെ വിട്ടയക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ള നടപടികൾക്ക് ഉത്തരവിന്റെ സംരക്ഷണം ലഭിക്കില്ല.
ജൂലൈ 29 വൈകുന്നേരം 6 മണി വരെയുള്ള കണക്കുകൾ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് 13 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യക്തികൾക്കെതിരെ ഇനി തുടർനടപടികളോ അന്വേഷണമോ ഉണ്ടാകില്ലെന്നും ഈ വിഷയം പൂർണ്ണമായും അവസാനിപ്പിച്ചതായി കരുതുമെന്നും സർക്കാർ അറിയിച്ചു. ഉത്തരവിന്റെ പകർപ്പ് ദില്ലി ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണർ, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ഡയറക്ടർ എന്നിവർക്ക് അടിയന്തര തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രതിഷേധക്കാർക്ക് നേരെ നടപടി എടുക്കില്ലെന്ന് ഡൽഹി സർക്കാർ, എല്ലാ അറസ്റ്റുകളും പുനഃപരിശോധിക്കും
