കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം. ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടാണ്.ഓഗസ്റ്റ് രണ്ടാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട്.
തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴ ശക്തമായതോടെ കാസർകോട് ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. കാവുഗോളി, കസബ, പള്ളിക്കര കടപ്പുറങ്ങളിലാണ് കലാക്രമണം രൂക്ഷമായത്. കാവുഗോളിയിൽ റോഡ് കടലെടുത്തു. ഇതോടെ തീരദേശവാസികളുടെ ഗതാഗത സൗകര്യവും സ്വൈരജീവിതവും പ്രതിസന്ധിയിലായി.
കസബയിലും തീരദേശവാസികൾ ഭീഷണിയിലാണ്. പള്ളിക്കരയിൽ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും കടലെടുത്തു. വൈദ്യുതി പോസ്റ്റുകൾ അധികൃതർ പുനസ്ഥാപിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ശുദ്ധജല വിതരണം താറുമാറായിരിക്കുകയാണ്. കടൽഭിത്തിനിർമ്മാണം ഉൾപ്പെടെയുള്ള ശാശ്വത പരിഹാരങ്ങൾ വൈകുന്നതിൽ പ്രാദേശികവാസികൾ വലിയ പ്രതിഷേധത്തിലാണ്. തീരദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശത്ത് സന്ദർശനം നടത്തി.
ഇടുക്കിയിലെ പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 10 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തി ഏതാണ്ട് 500 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടം കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേര്യമംഗലം, ഭൂതത്താന്‍കെട്ട് മേഖലയില്‍ പെരിയാരിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്ര പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 252. 10 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 253 മീറ്ററാണ്. ജില്ലയില്‍ ഓറഞ്ച് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
കേരളത്തിൽ മഴ ശക്തമാകുന്നു; നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാസർകോടിന്റെ തീരങ്ങളിൽ കടലാക്രമണം രൂക്ഷം, വയനാട് ജില്ലയിൽ നാളെ അവധി
