വാഷിങ്ടൺ: അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള ടോഡ് ബ്ലാഞ്ചിന്റെ നാമനിർദേശം താൽക്കാലികമായി പിൻവലിച്ചേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ രണ്ട് സെനറ്റർമാർ നാമനിർദേശത്തെ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
ടെക്‌സസിൽ നിന്നുള്ള ജോൺ കോർണിനും നോർത്ത് കരോലിനയിൽ നിന്നുള്ള തോം ടില്ലിസുമാണ് ബ്ലാഞ്ചിന്റെ നിയമനത്തിന് എതിർപ്പ് അറിയിച്ചത്. ഇരുവരുടെയും കാലാവധി അടുത്ത ജനുവരിയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ, അതുവരെ നാമനിർദേശം പിൻവലിച്ച് പിന്നീട് വീണ്ടും സമർപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ടോഡ് ബ്ലാഞ്ച് മികച്ച വ്യക്തിയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച അറ്റോർണി ജനറൽമാരിൽ ഒരാളാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ട്രംപ് പറഞ്ഞു. നാമനിർദേശം പിൻവലിച്ചാലും ബ്ലാഞ്ച് ആക്ടിങ് അറ്റോർണി ജനറലായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ വിമർശനത്തിന് ജോൺ കോർണിൻ മറുപടി നൽകി. തനിക്കും ടില്ലിസിനും മാത്രമല്ല, മറ്റ് ചില സെനറ്റർമാർക്കും ബ്ലാഞ്ചിന്റെ നിയമനവുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപും അമേരിക്കൻ നികുതി വകുപ്പായ ഐആർഎസും തമ്മിലുള്ള കേസ് ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളാണ് എതിർപ്പിന് കാരണമെന്ന് കോർണിൻ വ്യക്തമാക്കി. പ്രത്യേകിച്ച് 1.8 ബില്യൺ ഡോളറിന്റെ 'ആന്റിവെപ്പണൈസേഷൻ ഫണ്ട്' പൂർണമായും ഒഴിവാക്കിയതായി നീതിന്യായ വകുപ്പ് രേഖാമൂലം ഉറപ്പുനൽകണമെന്നും ട്രംപിന് നൽകിയ നികുതി പരിശോധനാ പരിരക്ഷയുടെ പരിധി ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ നീതിന്യായ വകുപ്പ് ചില ഭേദഗതി നിർദേശങ്ങൾ നൽകിയെങ്കിലും അതുകൊണ്ട് ആശങ്കകൾ മാറിയിട്ടില്ലെന്ന് കോർണിൻ പറഞ്ഞു. ആവശ്യമായ ഉറപ്പുകൾ ലഭിക്കുന്നതുവരെ നിലപാട് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെനറ്റ് ജുഡീഷ്യറി കമ്മിറ്റി വ്യാഴാഴ്ച നടത്താനിരുന്ന ബ്ലാഞ്ചിന്റെ നാമനിർദേശത്തിലെ വോട്ടെടുപ്പ് ഇതോടെ മാറ്റിവച്ചു.
അതേസമയം, നാമനിർദേശം പിൻവലിച്ചാലും ബ്ലാഞ്ചിന് ആക്ടിങ് അറ്റോർണി ജനറലായി തുടരുന്നതിന് നിയമപരമായ തടസ്സമില്ല. ഫെഡറൽ ഒഴിവുകൾ സംബന്ധിച്ച നിയമപ്രകാരം ആക്ടിങ് ഉദ്യോഗസ്ഥനായി 210 ദിവസം വരെ തുടരാൻ സാധിക്കും. നാമനിർദേശം പിൻവലിച്ച് വീണ്ടും സമർപ്പിക്കുകയാണെങ്കിൽ ഈ കാലപരിധി പുതുതായി ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള ടോഡ് ബ്ലാഞ്ചിന്റെ നാമനിർദേശം താൽക്കാലികമായി പിൻവലിച്ചേക്കുമെന്ന് ട്രംപ്
