ഡിജിറ്റല്‍ അറസ്റ്റ്; ഉന്നതതല അന്തര്‍വകുപ്പ് സമിതി രൂപീകരിച്ചു

ഡിജിറ്റല്‍ അറസ്റ്റ്; ഉന്നതതല അന്തര്‍വകുപ്പ് സമിതി രൂപീകരിച്ചു


ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സുപ്രിം കോടതി സ്വമേധയാ എടുത്ത കേസില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായി വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം  ഉന്നതതല അന്തര്‍വകുപ്പ് സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷയ്ക്കുള്ള പ്രത്യേക സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷന്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്, വിദേശകാര്യ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, നിയമകാര്യ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ഡല്‍ഹി പൊലീസ്, ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ ജോയിന്റ് സെക്രട്ടറി തലത്തിലോ അതിനുമുകളിലോ ഉള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമിതിയില്‍ അംഗങ്ങളാണ്.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സമിതിയുടെ മെംബര്‍-സെക്രട്ടറിയായി പ്രവര്‍ത്തിക്കും. ആവശ്യാനുസരണം വിഷയവിദഗ്ധരെ അധ്യക്ഷന് ക്ഷണിക്കാനും അധികാരമുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സമിതി യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയും സമിതി നടപടികളില്‍ പങ്കെടുക്കും. നിയമപ്രവര്‍ത്തന ഏജന്‍സികള്‍ നേരിടുന്ന പ്രവര്‍ത്തനാത്മക വെല്ലുവിളികള്‍ വിലയിരുത്തുക, അമിക്കസ് ക്യൂറി നല്‍കിയ ശുപാര്‍ശകളും സുപ്രിം കോടതിയുടെ നിര്‍ദേശങ്ങളും പരിശോധിക്കുക, നിലവിലുള്ള നിയമ-നിയന്ത്രണ സംവിധാനങ്ങള്‍ വിലയിരുത്തുക, നടപ്പിലാക്കലിലെ പോരായ്മകള്‍ കണ്ടെത്തുക, പരിഹാര നിര്‍ദേശങ്ങള്‍ തയ്യാറാക്കുക എന്നിവയാണ് സമിതിയുടെ ചുമതല.

ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമിതിയുടെ ആദ്യ യോഗം ഡിസംബര്‍ 29-ന് ചേര്‍ന്നിരുന്നു.  യോഗത്തില്‍, ഡിജിറ്റല്‍ തട്ടിപ്പ് കേസുകള്‍ക്കായി സാമ്പത്തിക പരിധി നിശ്ചയിക്കണമെന്ന നിര്‍ദേശം സി ബി ഐ മുന്നോട്ടുവച്ചു. ഈ പരിധി കവിഞ്ഞ കേസുകള്‍ സി ബി ഐ അന്വേഷിക്കാമെന്നും ചെറിയ കേസുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഉള്ള ഏജന്‍സികള്‍ കൈകാര്യം ചെയ്യാമെന്നുമാണ് നിര്‍ദേശം.

തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയെ അറിയിച്ചു. സംശയാസ്പദ ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍  അന്തിമഘട്ടത്തിലാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000-ലെ സെക്ഷന്‍ 46 പ്രകാരമുള്ള വിധി നിര്‍ണയ സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് 2023 പ്രകാരമുള്ള കരട് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഇപ്പോള്‍ പങ്കാളികളുമായുള്ള ചര്‍ച്ചകളിലാണെന്നും ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്താല്‍ അനാസ്ഥാപൂര്‍വമായ സിം കാര്‍ഡ് വിതരണം, ഒരാള്‍ക്ക് ഒന്നിലധികം കണക്ഷനുകള്‍ നല്‍കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

അനധികൃതമായി സമ്പാദിച്ച പണം വേഗത്തില്‍ മരവിപ്പിക്കാന്‍ ബാങ്കുകളുമായും നിയമപ്രവര്‍ത്തന ഏജന്‍സികളുമായും സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രതികരണ സമയം കുറയ്ക്കുന്നതിനുമായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ നടത്തുന്ന നടപടികള്‍ സമിതിയില്‍ വിശദീകരിച്ചു. പണം ഉടന്‍ മരവിപ്പിക്കല്‍, മരവിപ്പ് നീക്കല്‍, വീണ്ടെടുപ്പ്, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യറുമായി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റേയും 1930 സൈബര്‍ ക്രൈം ഹെല്‍പ്ലൈനിന്റെയും നവീകരണങ്ങളും സജീവ പരിഗണനയിലാണെന്ന് അറിയിച്ചു.

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട അമിക്കസിന്റെ ശുപാര്‍ശകളും സമിതി ചര്‍ച്ച ചെയ്തു. ബാങ്കുകള്‍, ടെലികോം സേവനദാതാക്കള്‍, മറ്റ് നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവയുടെ അനാസ്ഥ, സേവനത്തിലെ പോരായ്മകള്‍, അല്ലെങ്കില്‍ തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ മൂലമാണ് നഷ്ടമുണ്ടാകുന്നതെങ്കില്‍ ഉത്തരവാദിത്വം നിശ്ചയിക്കണമെന്ന് സമിതി ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സംവിധാനത്തിലെ വീഴ്ചകളുടെയോ നിയന്ത്രണ ലംഘനങ്ങളുടെയോ ദോഷഫലങ്ങള്‍ ഇരകള്‍ വഹിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും നഷ്ടപരിഹാര സംവിധാനങ്ങള്‍ മറ്റ് നിയമപരമായ പരിഹാരങ്ങളില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തില്‍, നിലവിലുള്ള സംവിധാനങ്ങള്‍ പുന:പരിശോധിച്ച് ഫലപ്രദമായ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിനുള്ള മെച്ചപ്പെടുത്തലുകള്‍ നിര്‍ദേശിക്കാന്‍ റിസര്‍വ് ബാങ്ക്, ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവരോട് സമിതി അധ്യക്ഷന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതിയോട് കുറഞ്ഞത് ഒരു മാസം സമയം അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കേസ് ജനുവരി 20-ന് പരിഗണിക്കും.