ട്രംപ് ബന്ധമുള്ള ക്രിപ്‌റ്റോ കമ്പനിയുമായി പാകിസ്താന്‍; അന്തര്‍ദേശീയ ഡിജിറ്റല്‍ പേയ്‌മെന്റ് കരാര്‍

ട്രംപ് ബന്ധമുള്ള ക്രിപ്‌റ്റോ കമ്പനിയുമായി പാകിസ്താന്‍; അന്തര്‍ദേശീയ ഡിജിറ്റല്‍ പേയ്‌മെന്റ് കരാര്‍


ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള ക്രിപ്‌റ്റോകറന്‍സി സംരംഭമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലുമായി (WLF) ബന്ധപ്പെട്ട യുഎസ് ആസ്ഥാനമായ ഫിന്‍ടെക് സ്ഥാപനവുമായി പാകിസ്താന്‍ അന്തര്‍ദേശീയ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് സഹകരിക്കാന്‍ കരാര്‍ ഒപ്പുവച്ചു. രാജ്യാന്തര ഇടപാടുകള്‍ ലളിതവും സുരക്ഷിതവുമാക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇസ്‌ലാമാബാദില്‍ നടന്ന ചടങ്ങില്‍ പാകിസ്താന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബും വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ സഹസ്ഥാപകനായ സക്കറി വിറ്റ്‌കോഫും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്.

സക്കറി വിറ്റ്‌കോഫ്, ട്രംപിന്റെ അടുത്ത അനുഭാവിയും പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുമായ സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനാണ്. ട്രംപ് ജൂനിയറും വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്. ഒരു സ്വതന്ത്ര രാഷ്ട്രവും    വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും തമ്മിലുള്ള ആദ്യത്തെ പൊതുവില്‍ അറിയപ്പെടുന്ന സഹകരണമെന്ന നിലയില്‍ ഈ കരാര്‍ ശ്രദ്ധേയമാണ്. 2025 ആദ്യം ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഇസ്‌ലാമാബാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധങ്ങളില്‍ ഉഷ്മളത പ്രകടമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

കരാറിന്റെ ഭാഗമായി പാകിസ്താന്റെ കേന്ദ്രബാങ്കുമായി ചേര്‍ന്ന് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ 'USD1' സ്‌റ്റേബിള്‍കോയിനെ നിയന്ത്രിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് ഉള്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യം. രാജ്യാന്തര പണമിടപാടുകള്‍ എളുപ്പമാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഇതിന് സാങ്കേതിക സഹകരണവും അടുത്ത തലമുറ പേയ്‌മെന്റ് സംവിധാനങ്ങളിലേക്കുള്ള സംവാദവും ഉറപ്പാക്കാനാണ് SC ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസുമായുള്ള ധാരണാപത്രമെന്ന് പാകിസ്താന്റെ വിര്‍ച്വല്‍ ആസറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഇതിനിടെ ട്രംപും പാകിസ്താനിലെ ഉന്നത നേതൃത്വവും തമ്മിലുള്ള തുടര്‍ച്ചയായ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് പുതിയ കരാര്‍ വന്നത്. എന്നാല്‍ ട്രംപിന്റെ പാകിസ്താന്‍ ബന്ധങ്ങള്‍ അമേരിക്കയില്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ വിദേശനയത്തെ സ്വാധീനിക്കുന്നുവെന്നാരോപിച്ച് ചില പ്രമുഖര്‍ രംഗത്തെത്തി. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍, ട്രംപ് കുടുംബവുമായി ബന്ധമുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ ഇന്ത്യയുമായുള്ള ബന്ധങ്ങളെ ബാധിച്ചുവെന്ന് ആരോപിച്ച് ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ട്രംപിന്റെ വിദേശനയത്തിലെ അധികം ശ്രദ്ധിക്കപ്പെടാത്ത പക്ഷേ നിര്‍ണായകമായ ഘടകമാണിതെന്നും സുള്ളിവന്‍ അഭിപ്രായപ്പെട്ടു.