നാം നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോമിന് ഗ്രീന്‍ലാന്‍ഡ് നിര്‍ണായകം': ട്രംപ്

നാം നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോമിന് ഗ്രീന്‍ലാന്‍ഡ് നിര്‍ണായകം': ട്രംപ്


'വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് അമേരിക്കയല്ലാത്ത മറ്റേതെങ്കിലും രാജ്യത്തിന്റെ നിയന്ത്രണത്തിലേക്ക് പോകുന്നത് 'സ്വീകരിക്കാനാവാത്തതാണെന്ന്' പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ആര്‍ട്ടിക് ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ അധികാര പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അദ്ദേഹം വീണ്ടും ശക്തമായി ഉന്നയിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ച് നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാഷിങ്ടണില്‍ അമേരിക്കന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ചര്‍ച്ചകള്‍ക്ക്  മണിക്കൂറുകള്‍ മുമ്പ് പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. 

സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ട്രംപ് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കുന്നതിനെ നേറ്റോ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് വാഷിങ്ടണിന്റെ അധികാരത്തിലായാല്‍ നേറ്റോ കൂടുതല്‍ ശക്തവും ഫലപ്രദവുമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭരണകൂടം വികസിപ്പിച്ചുവരുന്ന 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഗ്രീന്‍ലാന്‍ഡ് നിര്‍ണായകമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഡെന്‍മാര്‍ക്കിന്റെ വിദേശകാര്യ മന്ത്രി ലാര്‍സ് ലൊക്കെ റാസ്മുസന്‍, ഗ്രീന്‍ലാന്‍ഡിന്റെ വിദേശകാര്യ മന്ത്രി വിവിയന്‍ മൊറ്റ്‌സ്‌ഫെല്‍ട്ട്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ക്കിടയില്‍ വാഷിങ്ടണില്‍ നടക്കാനിരുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഈ പ്രസ്താവനകള്‍ പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ആവശ്യപ്പെട്ട കൂടിക്കാഴ്ചയായിരുന്നെങ്കിലും പിന്നീട് ജെ ഡി വാന്‍സ് പങ്കെടുക്കാനും ആതിഥേയത്വം വഹിക്കാനും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചകളുടെ രൂപരേഖയില്‍ മാറ്റം വരുത്തുകയായിരുന്നു.