പ്രക്ഷോഭകാരികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഇറാന്‍ നീക്കത്തിനെതിരെ യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

പ്രക്ഷോഭകാരികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഇറാന്‍ നീക്കത്തിനെതിരെ യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍


ജനീവ: ഇറാനില്‍ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കം ആശങ്കാജനകമാണന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന ഇറാന്‍ അധികൃതരുടെ നിലപാടിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. 

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭീകരരായി മുദ്രകുത്തി അക്രമത്തെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിലെ കോടതികള്‍ പ്രതിഷേധക്കാര്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ വേഗത്തില്‍ നടപ്പാക്കും എന്നു സൂചിപ്പിച്ചിരുന്നു.

ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി സാലിഹി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രക്ഷോഭകാരികളെ ദൈവത്തിന്റെ ശത്രുക്കള്‍ എന്നു വിളിച്ച് വധശിക്ഷ നല്‍കുമെന്നു പ്രഖ്യാപിച്ചതാണ് യു എന്നിനെ ചൊടിപ്പിച്ചത്. കുട്ടികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ഈ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെടുന്നതായും ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതു നിര്‍ത്തണമെന്ന് വോള്‍ക്കര്‍ ടര്‍ക്ക് ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കണം എന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയവര്‍ക്ക് എതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് പുറം ലോകത്ത്  വിവരങ്ങള്‍ അറിയുന്നത് തടയിടാനാണെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും യു എന്‍ വ്യക്തമാക്കി.