ടെഹ്‌റാന്‍: ഇറാനികളുടെ പ്രധാന കൊലയാളികള്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണെന്ന് ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയും പാര്‍ലമെന്റ് മുന്‍ സ്പീക്കറുമായ അലി ലാരിജാനി. എക്‌സിലൂടെയാണ് ലാരിജാനി ട്രംപിനും നെതന്യാഹുവിനുമെതിരെ രംഗത്തെത്തിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ഡൊണള്‍ഡ് ട്രംപ് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു മണിക്കൂറുകള്‍ക്കുള്ളിലാണ് ലാരിജാനി എക്‌സില്‍ പ്രതികരിച്ചത്. ഇറാനില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കിയിരുന്നു.
ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകള്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ഒന്ന്- ട്രംപ്, രണ്ട്- നെതന്യാഹു എന്നാണ് ലാരിജാനി എക്‌സില്‍ കുറിച്ചത്. രാഷ്ട്രീയ അസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇറാന്റെ യു എന്‍ അംബാസിഡര്‍ അമീര്‍ സയീദ് ഇറവാനി ആരോപിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണ് ട്രംപിന്റേതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ മരണത്തിന് യു എസും ഇസ്രേയലും ഉത്തരവാദികളാണെന്ന് യു എന്‍ സുരക്ഷാ കൗണ്‍സിലിന് അയച്ച കത്തില്‍ അമീര്‍ സയീദ് ഇറവാനി പറഞ്ഞു.
ട്രംപ് നടത്തിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനു മറുപടിയായാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അമീര്‍ സയീദ് കത്തയച്ചത്. ഇറാന്‍ ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് പുറത്തു വിട്ട കണക്കു പ്രകാരം ചൊവ്വാഴ്ച വരെ മാത്രം 12,000 പേര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത 23 കുട്ടികള്‍ ഈ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022ല്‍ മഹ്‌സ അമ്‌നി എന്ന യുവതിയെ ഇറാന്‍ സദാചാരക്കൊലയ്ക്ക് ഇരയാക്കിയതിനെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 58 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ ആരംഭിച്ച ശേഷം രാജ്യവ്യാപകമായി ഏറ്റവും കുറഞ്ഞത് 18,137 പേര്‍ ഇറാനില്‍ അറസ്റ്റിലായതായി ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി പറയുന്നു.
