വാഷിംഗ്ടണ്‍; ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആഗ്രഹങ്ങള്‍ക്കെതിരെ യു എസ് സെനറ്റര്‍മാര്‍ രംഗത്ത്. പ്രസിഡന്റിന്റെ നീക്കങ്ങള്‍ തടയുന്നതിന് അമേരിക്കന്‍ സെനറ്റില്‍ ഒരു ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജീന്‍ ഷാഹീനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ലിസ മര്‍ക്കോവ്‌സ്‌കിയും ചേര്‍ന്ന് തയ്യാറാക്കിയ ഇരുകക്ഷി ബില്‍ ആയ 'നേറ്റോ യൂണിറ്റി പ്രൊട്ടക്ഷന്‍ ആക്ട്' പ്രകാരം മറ്റേതെങ്കിലും നേറ്റോ അംഗരാജ്യത്തിന്റെ ഭൂപ്രദേശത്ത് തടയിടുക, അധിനിവേശം നടത്തുക, നിയന്ത്രണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രതിരോധ വകുപ്പിനോ വിദേശകാര്യ വകുപ്പിനോ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് വിലക്കുകയാണ് ലക്ഷ്യം.
ന്യൂ ഹാംഷയര്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സെനറ്റര്‍ ജീന്‍ ഷാഹീന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് നേറ്റോയെ ഭിന്നിപ്പിക്കുകയും നേറ്റോയോടുള്ള പ്രതിബദ്ധതകള്‍ ലംഘിക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിക്കാനാവില്ലെന്ന് ഈ ഇരുകക്ഷി നിയമനിര്‍മ്മാണം വ്യക്തമാക്കുന്നുവെന്നാണ്. ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള അടുത്തകാലത്തെ പ്രസ്താവനകള്‍ അമേരിക്കയുടെ സ്വന്തം ദേശീയ സുരക്ഷാ താത്പര്യങ്ങളെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസില്‍ ഇതിനെതിരെ ഇരുകക്ഷി എതിര്‍പ്പ് നിലനില്ക്കുന്നതാണെന്നും ഈ ബില്‍ ശക്തമായ സന്ദേശം നല്‍കുന്നുവെന്നും അദ്ദേഹം വിശദമാക്കി.
അലാസ്‌കയെ പ്രതിനിധീകരിക്കുന്നതും ട്രംപിന്റെ റിപ്പബ്ലിക്കന്‍ വിമര്‍ശകയുമായ ലിസ മര്‍ക്കോവ്‌സ്‌കി പറഞ്ഞത്32 അംഗങ്ങളുള്ള നേറ്റോ സുരക്ഷാ സഖ്യം ആഗോള സുരക്ഷയ്ക്കുള്ള ഏറ്റവും ശക്തമായ പ്രതിരോധ രേഖ ആണെന്ന്. നമ്മുടെ വന്‍ വിഭവങ്ങള്‍ നമ്മുടെ സഖ്യരാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നത് പോലും അതീവ ആശങ്കാജനകമാണെന്നും അത്തരമൊരു സമീപനം കോണ്‍ഗ്രസ് നിയമത്തിലൂടെ പൂര്‍ണമായും തള്ളിക്കളയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാരക്കാസിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിനും വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിനും പിന്നാലെയാണ് ഈ വിവാദങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍ട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത് ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ട്രംപ് അവകാശപ്പെടുന്നത്. റഷ്യയോ ചൈനയോ ഈ പ്രദേശം കൈവശപ്പെടുത്തുന്നത് തടയുന്നതിനാണ് അമേരിക്കന്‍ ഉടമസ്ഥത ആവശ്യമെന്നും അദ്ദേഹം വാദിക്കുന്നു. ഈ പ്രദേശം ഇതിനകം തന്നെ റഷ്യന്‍, ചൈനീസ് കപ്പലുകളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഗ്രീന്‍ലാന്‍ഡിന്റെ പ്രതിരോധ സംവിധാനം നായകള്‍ വലിക്കുന്ന രണ്ട് ഹിമവണ്ടികള്‍ മാത്രമാണ് എന്നും അദ്ദേഹം പരിഹസിച്ചു.
നേറ്റോ സഖ്യകക്ഷികളുടെ എതിര്‍പ്പിനിടയിലും ട്രംപ് തന്റെ വാഗ്ദാനങ്ങള്‍ തുടരുകയായിരുന്നു. തനിക്ക് ഡെന്‍മാര്‍ക്കിനോടും ഇഷ്ടമാണെന്നും അവര്‍ തന്നോട് വളരെ സൗഹൃദപരമായിരുന്നുവെന്നും പക്ഷേ 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ അവിടെ ഒരു ബോട്ട് ഇറക്കിയെന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ലാന്‍ഡുമായി അമേരിക്ക ഒരു കരാര്‍ ഉണ്ടാക്കുമെന്നും അത് എളുപ്പവഴിയിലൂടെയോ കടുത്ത വഴിയിലൂടെയോ ആയിരിക്കുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്- ഫ്രെഡറിക് നീല്‍സന്‍ വ്യക്തമാക്കിയത് ഒരു തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ തന്റെ രാജ്യം ഡെന്‍മാര്‍ക്കിനൊപ്പമാണ് തുടരാന്‍ ആഗ്രഹിക്കുന്നതെന്നാണ്. ആര്‍ട്ടിക് പ്രദേശം കൈവശപ്പെടുത്താനുള്ള ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് നേരിട്ടുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഉടമസ്ഥതയാകാന്‍ ആഗ്രഹിക്കുന്നില്ല എന്ന കാര്യം അമേരിക്ക വ്യക്തമായി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
