മോസ്‌കോ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരില്‍ വിദേശ ശക്തികള്‍ നടത്തുന്ന ഇടപെടലുകളെ റഷ്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു കടുത്ത ഭാഷയില്‍ അപലപിച്ചു. ഇറാനിലെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് റഷ്യയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഇറാന്‍ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബാഹ്യ ശക്തികളുടെ പുതിയ ശ്രമങ്ങളെ കുറിച്ചുള്ള സംഭാഷണത്തെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ സ്റ്റേറ്റ് മീഡിയയും സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയും പുറത്തു വിട്ടു.
ഇറാനില്‍ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സെര്‍ജി ഷോയിഗു അനുശോചനം രേഖപ്പെടുത്തി. മേഖലയിലെ സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ ഇറാനും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണം അത്യാവശ്യമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. യുക്രെയ്ന്‍ യുദ്ധത്തില്‍ ഇറാന്‍ നല്‍കുന്ന സൈനിക പിന്തുണ- പ്രത്യേകിച്ച് അത്യാധുനിക ഡ്രോണ്‍ സാങ്കേതിക വിദ്യ റഷ്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധത്തെ കൂടുതല്‍ ദൃഢമാക്കിയെന്നും പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ- സൈനിക സൗകര്യങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ സഹായം ഇറാനുണ്ടായില്ലെന്ന വിമര്‍ശനമുണ്ടായിരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളില്‍ യു എസ് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇറാന്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് പുടിന്‍ ഭരണകൂടത്തിന്റെ തീരുമാനം. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സ്വാധീനം കുറയ്ക്കാനും ഇറാന്റെ സുരക്ഷ ഉറപ്പാക്കാനും റഷ്യയും ഇറാനും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
