വാഷിംഗ്ടണ്‍: 75 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ കുടിയേറ്റ (ഇമിഗ്രന്റ്) വിസാ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഫോക്സ് ന്യൂസ് ഡിജിറ്റലിന് ലഭിച്ച ആഭ്യന്തര സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ പ്രകാരം നിലവിലുള്ള നിയമ അധികാരങ്ങള്‍ ഉപയോഗിച്ച് വിസകള്‍ നിഷേധിക്കാന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്രീനിംഗ്, വെറ്റിംഗ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിച്ച് പുതുക്കുന്നതിനിടെയാണ് ഈ നടപടി.
ജനുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ താത്ക്കാലിക നിരോധനം പരിശോധന പൂര്‍ത്തിയാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് തുടരും. സോമാലിയ, റഷ്യ, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്ലന്‍ഡ്, യെമന്‍ എന്നിവ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് ഈ തീരുമാനത്തില്‍ ഉള്‍പ്പെടുന്നത്.
മിന്നസോട്ടയില്‍ നടന്ന തട്ടിപ്പ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ സോമാലിയയ്ക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. നികുതിദായകരുടെ പണത്തില്‍ നിന്ന് ലഭിക്കുന്ന സഹായ പദ്ധതികള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇതില്‍ പങ്കെടുത്തവരില്‍ പലരും സോമാലിയന്‍ പൗരന്മാരോ സോമാലിയന്‍- അമേരിക്കക്കാരോ ആയിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. 2025 നവംബറില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ലോകമെമ്പാടുമുള്ള കോണ്‍സുലര്‍ ഓഫീസുകളിലേക്ക് അയച്ച നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നയം.
യു എസ് കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാര്‍ജ്' വ്യവസ്ഥ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ അന്ന് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ ആശ്രയിക്കാനുള്ള സാധ്യതയുള്ളവരെന്ന് വിലയിരുത്തപ്പെടുന്ന അപേക്ഷകരുടെ വിസ നിഷേധിക്കാന്‍ ഈ വ്യവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നു.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, അപേക്ഷകന്റെ ആരോഗ്യനില, പ്രായം, സാമ്പത്തിക ശേഷി, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ദീര്‍ഘകാല വൈദ്യസഹായം ആവശ്യമാകാനുള്ള സാധ്യത തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍, അമിതവണ്ണമുള്ളവര്‍, മുന്‍പ് സര്‍ക്കാര്‍ പണമസഹായം സ്വീകരിച്ചവര്‍, അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം താമസിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന പരിശോധനയോ വിസ നിഷേധമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പൊതുവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പുനഃപരിശോധിക്കുന്നതിനിടയില്‍ ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിസാ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
പബ്ലിക് ചാര്‍ജ് നിയമം ദശകങ്ങളായി യു എസ് കുടിയേറ്റ നിയമത്തിന്റെ ഭാഗമാണ്. എന്നാല്‍, വിവിധ ഭരണകൂടങ്ങളുടെ നയങ്ങള്‍ അനുസരിച്ച് അതിന്റെ നടപ്പാക്കല്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്. 2022-ല്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് നടപ്പാക്കിയ പതിപ്പ് പണമസഹായവും ദീര്‍ഘകാല സ്ഥാപനപരമായ പരിചരണവും പ്രധാനമായി പരിഗണിച്ചിരുന്നുവെങ്കിലും സ്‌നാപ്, ഡബ്ല്യു ഐ സി മെഡിക്കെയ്ഡ്, വാസസഹായം തുടങ്ങിയ പദ്ധതികളെ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
താത്ക്കാലികമായി വിസ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടിക:
അഫ്ഗാനിസ്ഥാന്‍, അല്‍ബേനിയ, അള്‍ജീരിയ, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹാമാസ്, ബംഗ്ലാദേശ്, ബാര്‍ബഡോസ്, ബെലറൂസ്, ബെലീസ്, ഭൂട്ടാന്‍, ബോസ്‌നിയ, ബ്രസീല്‍, ബര്‍മ (മ്യാന്‍മര്‍), കംബോഡിയ, കാമറൂണ്‍, കെയ്പ് വെര്‍ഡെ, കൊളംബിയ, കോട്ട് ഡി'വോയര്‍, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ, ഡൊമിനിക്ക, ഈജിപ്ത്, എരിത്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോര്‍ജിയ, ഘാന, ഗ്രനേഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്തി, ഇറാന്‍, ഇറാഖ്, ജമൈക്ക, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കൊസോവോ, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലെബനന്‍, ലൈബീരിയ, ലിബിയ, മേസിഡോണിയ, മാള്‍ഡോവ, മംഗോളിയ, മൊണ്ടെനെഗ്രോ, മൊറോക്കോ, നേപ്പാള്‍, നിക്കാരാഗ്വ, നൈജീരിയ, പാകിസ്ഥാന്‍, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി ഗ്രനഡൈന്‍സ്, സെനഗല്‍, സിയറ ലിയോണ്‍, സോമാലിയ, സൗത്ത് സുഡാന്‍, സുഡാന്‍, സിറിയ, ടാന്‍സാനിയ, തായ്ലന്‍ഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്‌ബെക്കിസ്ഥാന്‍, യെമന്‍.
