ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് കൂടുതല്‍ ബംഗാളില്‍; കുറവ് ബീഹാറില്‍

ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് കൂടുതല്‍ ബംഗാളില്‍; കുറവ് ബീഹാറില്‍


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു. 970 ദശലക്ഷം വോട്ടര്‍മാര്‍ ഏഴ് ഘട്ടങ്ങളിലായി 44 ദിവസത്തിനകമാണ് ഇന്ത്യയില്‍ വോട്ടുകള്‍ ചെയ്യുക. 

ആദ്യഘട്ട വോട്ടെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ നടക്കുന്ന വോട്ടെടുപ്പാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍. ഡി എം കെയുടെ കനിമൊഴി (തൂത്തുക്കുടി), ദയാനിധി മാരന്‍ (ചെന്നൈ സെന്‍ട്രല്‍), ടി ആര്‍ ബാലു (ശ്രീപെരുമ്പത്തൂര്‍), ബി ജെ പിയുടെ കെ അണ്ണാമലൈ (കോയമ്പത്തൂര്‍) എന്നിവരുള്‍പ്പെടുന്ന നേതാക്കളാണ് ആദ്യഘട്ടത്തില്‍ മത്സര രംഗത്തുള്ള പ്രമുഖര്‍. 

നാഗ്പൂരില്‍ നിന്നും നിതിന്‍ ഗഡ്കരി, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കിരണ്‍ റിജിജു, ബിക്കാനീറില്‍ നിന്നുള്ള അര്‍ജുന്‍ റാം മേഘ്വാള്‍ തുടങ്ങിയവര്‍ ആദ്യഘട്ട വോട്ടെടുപ്പിലെ അഖിലേന്ത്യാ തലത്തിലെ പ്രമുഖരാണ്. 

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (1), മിസോറം (1), നാഗാലാന്‍ഡ് (1), പുതുച്ചേരി (1), സിക്കിം (1), ലക്ഷദ്വീപ് (1) എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നത്.  

ഇതോടൊപ്പം രാജസ്ഥാനില്‍ 12, ഉത്തര്‍പ്രദേശില്‍ എട്ട്, മധ്യപ്രദേശില്‍ ആറ്, അസമിലും മഹാരാഷ്ട്രയിലും അഞ്ച് സീറ്റുകള്‍ വീതവും ബിഹാറില്‍ നാല്, പശ്ചിമ ബംഗാളില്‍ മൂന്ന്, മണിപ്പൂരില്‍ രണ്ട്, ത്രിപുര, ജമ്മു ആ്ന്റ് കശ്മീര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. 

രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറിനാണ് അവസാനിച്ചത്. 

അരുണാചല്‍ പ്രദേശിലെ 60 സീറ്റിലും സിക്കിമിലെ 32 സീറ്റിലും ഒരേസമയം നിയമസഭാ തിരഞ്ഞെടുപ്പുമുണ്ട്. 

1.87 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 18 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിരിക്കുന്നത്.

കശ്മീരിലെ ഉധംപൂരില്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെ രജിസ്റ്റര്‍ ചെയ്ത 16.23 ലക്ഷം വോട്ടര്‍മാരില്‍ 65 ശതമാനവും വോട്ട് രേഖപ്പെടുത്തി, ജമ്മു കശ്മീരിലെ ആദ്യത്തെ പ്രധാന വോട്ടെടുപ്പില്‍ കനത്ത പോളിംഗിനാണ് സാക്ഷ്യം വഹിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് മഴ പെയ്‌തെങ്കിലും അത് തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

ഉധംപൂര്‍ മണ്ഡലത്തില്‍ 2,637 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 12 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ള്ത്. ചില പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമ്മു ആന്റ് കശ്മീരിലെ പോളിംഗ് ശതമാനം ഉയരും. 

രാജസ്ഥാനിലെ 12 ലോക്സഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ 50 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതനുസരിച്ച് കനത്ത സുരക്ഷയില്‍ ആരംഭിച്ച പോളിംഗില്‍ വൈകിട്ട് അഞ്ച് മണി വരെ 50.27 ശതമാന വോട്ടുകളാണ് ചെയ്തത്. രാജസ്ഥാനില്‍ 25 ലോക്സഭാ സീറ്റുകളാണുള്ളത്. ബാക്കിയുള്ള 13 സീറ്റുകളിലേക്ക് ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. 

പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്- 77.57 ശതമാനം.ബീഹാറിലാണ് ഏറ്റവും കുറവ്- 46.32 ശതമാനം.

മറ്റു സംസ്ഥാനങ്ങളില്‍ ആന്തമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍- 56.87, അരുണാചല്‍ പ്രദേശ്- 63.44, അസം- 70.77, ഛത്തീസ്ഗഡ്- 63.41, ജമ്മു ആന്റ് കശ്മിര്‍- 65.08, ലക്ഷദ്വീപ്- 59.02, മധ്യപ്രദേശ്- 63.25, മഹാരാഷ്ട്ര- 54.85, മണിപ്പൂര്‍- 67.66, മേഘാലയ- 69.19, മിസോറാം- 52.73, നാഗാലാന്റ്- 55.79, പുതുച്ചേരി- 72.84, രാജസ്ഥാന്‍- 50.27, സിക്കിം- 68.06, തമിഴ്‌നാട്- 62.02, ത്രിപുര- 76.10, ഉത്തര്‍പ്രദേശ്- 57.54, ഉത്തരാഖണ്ഡ്- 53.56.