ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ട അഗ്നിവീറുകളുടെ സേവന കാലാവധി രണ്ട് വർഷം കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ എൻഎസ് രാജ സുബ്രഹ്മണിയാണ് പുതിയ പരിഷ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, അഗ്നിപഥിൽ ഏറ്റവും അധികം ആളുകൾ ചേർന്ന യുപിക്കാരെ കൂടെനിർത്താനുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇതുമൂലം സേവനത്തിൽ നിന്ന് പുറത്തുപോകേണ്ടിയിരുന്ന 75 ശതമാനം അഗ്നിവീറുകൾക്ക് ഇനി രണ്ട് വർഷം കൂടി സേവനത്തിൽ തുടരാമെന്ന് എൻഎസ് രാജ സുബ്രഹ്മണി മാധ്യമങ്ങളോട് പറഞ്ഞു. ഈ കാലാവധിക്ക് ശേഷം താത്പര്യമുള്ള അഗ്നിവീറുകൾക്ക് സായുധ സേനയിൽ സ്ഥിരമായി ചേരാനാവും എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിവീറുകൾക്ക് സേവന കാലാവധി കുറവാണെന്ന വിമർശനങ്ങൾക്കിടയിലാണ് ഈ നിർണായക തീരുമാനം വരുന്നത്. അഗ്നിപഥിൽ ജോയിൻ ചെയ്യുന്നവർക്ക് ചുരുങ്ങിയ കാലയളവിലേ ജോലി ചെയ്യാനാകൂയെന്ന ആക്ഷേപം ശക്തമായിരുന്നെങ്കിലും അങ്ങനെ ചെയ്യാൻ തയ്യാറുള്ളവരും അനേകരുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ഇന്ത്യൻ പ്രതിരോധ സേനയ്ക്കും അഗ്നിവീറുകൾക്കും വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് എന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ അഗ്നിവീറുകൾക്കും ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമാകാൻ കഴിയുന്ന ഒരു വഴിയാണ് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി. 2022 ജൂലൈ 14-നാണ് അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. അന്ന് മുതൽ അഗ്നിവീറുകളുടെ പ്രകടനവും പദ്ധതിയും കാലാകാലങ്ങളായി വിലയിരുത്തുന്നുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് അഗ്നിവീറുകളുടെ ആദ്യ ബാച്ച് ഇപ്പോൾ തങ്ങളുടെ നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് നിൽക്കുന്നതെന്നും രാജ സുബ്രഹ്മണി കൂട്ടിച്ചേർത്തു.
ഈ നാല് വർഷത്തിനിടയിലുള്ള അവരുടെ പ്രകടനത്തെ വിലയിരുത്തിയാൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ 25 ശതമാനം അഗ്നിവീറുകളെ സ്ഥിരം സേനയിലേക്ക് ഉൾപ്പെടുത്തുന്നു. നേരത്തെയുള്ള വ്യവസ്ഥകൾ പ്രകാരം ബാക്കി 75 ശതമാനം പേർ അച്ചടക്കമുള്ളവരും പ്രചോദിതരുമായ യുവാക്കളായി സമൂഹത്തിലേക്ക് മടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാൽ പുതുക്കിയ പദ്ധതി പ്രകാരം ബാക്കിയുള്ള 75 ശതമാനം അഗ്നിവീറുകൾക്കും രണ്ട് വർഷം കൂടി സേവനത്തിൽ തുടരാൻ അവസരം ലഭിക്കും. വിവിധ സേവന നിയമങ്ങൾക്ക് കീഴിൽ നാല് വർഷത്തേക്ക് സായുധ സേനയിലേക്ക് അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുന്നതിനായി 2022-ൽ കേന്ദ്ര മന്ത്രിസഭയാണ് അഗ്നിപഥ് പദ്ധതിക്ക് തുടക്കമിട്ടത്.
സേവന കാലാവധി കുറവായിരുന്നതിനാൽ ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ പല സംസ്ഥാനങ്ങളും ഇവർക്കായി പ്രത്യേക സംവരണം ഏർപ്പെടുത്തിയിരുന്നു. പൊലീസും മറ്റ് സേവന മേഖലകളിലും അഗ്നിവീറുകൾ രാജ്യത്തെ സേവിക്കുന്നതിനും രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകുന്നതിനും യുവാക്കൾക്ക് അവസരമൊരുക്കുന്നു. ഒപ്പം സായുധ സേനയെ കൂടുതൽ യുവത്വമുള്ളതും ഊർജസ്വലവുമാക്കുന്നതിനുമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
യുപി കൈവിടാതിരിക്കാൻ കൈ അയച്ച്; അഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി കേന്ദ്രം; 75% അഗ്നിവീറുകൾക്കും സേനയില് തുടരാം
