ടെഹ്‌റാന്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇറാന്‍. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ നിയന്ത്രണം നേടിയെന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് ഇറാന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ട്രംപിനെ പരിഹസിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചത്.
നവംബര്‍ 3-ന് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടുകള്‍ ട്രംപിനെ ലക്ഷ്യമിട്ടുള്ള പരിഹാസദൃശ്യങ്ങളുമായി രംഗത്തെത്തി. ഇവ സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലായി.
നവംബര്‍ 4-ന് ഇന്ത്യയിലെ ഇറാന്റെ കോണ്‍സുലാര്‍ അക്കൗണ്ട് പങ്കുവെച്ച എ ഐ നിര്‍മിത വീഡിയോയാണ് ഏറെ ശ്രദ്ധ നേടിയത്. ക്ഷീണിതനും അവശനുമായി കാണപ്പെടുന്ന ട്രംപിനെ സ്യൂട്ട് ധരിച്ച ഏതാനും പേര്‍ വൈറ്റ് ഹൗസിന് സമാനമായ കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയി അപകടകരമായ മാലിന്യം എന്നെഴുതിയ വലിയ ചവറ്റുകുട്ടയിലേക്ക് തള്ളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് വീഡിയോയ്ക്ക് 17 ലക്ഷത്തിലധികം കാഴ്ചകളും പതിനായിരക്കണക്കിന് ലൈക്കുകളും ലഭിച്ചിരുന്നു.
മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലും ട്രംപിനെ പരിഹസിച്ച് രംഗത്തെത്തി. ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചുവന്ന നിറത്തിലുള്ള മാഗാ തൊപ്പി ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്യുന്നതാണ് കാണിക്കുന്നത്. 'ട്രംപിന്റെ സമയം കഴിഞ്ഞു; ഫ്‌ളഷ് ചെയ്തു' എന്ന പരിഹാസക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെയാണ് മാഗാ തൊപ്പി ഉപയോഗിച്ചുള്ള പരിഹാസം ലക്ഷ്യമിടുന്നത്.
ട്രംപിനെ പരിഹസിക്കുന്ന മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. നവംബര്‍ 3-ന് പങ്കുവെച്ച വീഡിയോയില്‍ സ്യൂട്ടും ചുവന്ന ടൈയും ധരിച്ച ട്രംപ് വെള്ളത്തിനു മുകളിലുള്ള മരക്കൊമ്പില്‍ ഇരുന്ന് താന്‍ ഇരിക്കുന്ന അതേ കൊമ്പ് കോടാലികൊണ്ട് മുറിക്കുന്നതായി ചിത്രീകരിക്കുന്നു. ഒടുവില്‍ കൊമ്പ് ഒടിഞ്ഞ് ട്രംപ് വെള്ളത്തിലേക്ക് വീഴുന്നതാണ് ദൃശ്യം.
'ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ട്രംപിന്റെ വര്‍ഷം ഇങ്ങനെയായിരിക്കും' എന്ന പരിഹാസക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സ്വന്തം നടപടികളിലൂടെ സ്വയം തിരിച്ചടി നേരിടുന്ന രാഷ്ട്രീയ നേതാവെന്ന ആശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വീഡിയോയ്ക്ക് 13 ലക്ഷത്തിലധികം കാഴ്ചകളും 19,000-ത്തിലധികം ലൈക്കുകളും ലഭിച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെ ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ പ്രസ്താവനയും ശ്രദ്ധ നേടി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എ ഉദ്ധരിച്ച പ്രസ്താവനയില്‍, അമേരിക്കയുടെ ആധിപത്യവ്യവസ്ഥയുടെ സമീപനം മാറുമെന്നോ പാര്‍ട്ടികളിലും രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ അമേരിക്കയുടെ നയത്തില്‍ വ്യത്യാസമുണ്ടാക്കുമെന്നോ പ്രതീക്ഷിക്കുന്നവര്‍ക്ക് തെറ്റുപറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയോട് വിട്ടുവീഴ്ചകള്‍ നടത്തിയാല്‍ ഇറാന്‍ ജനതയോടുള്ള ശത്രുത അവസാനിപ്പിക്കുമെന്ന് കരുതുന്നതും വലിയ തെറ്റാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി അവസാനത്തില്‍ അമേരിക്കന്‍- ഇസ്രായേല്‍ ആക്രമണങ്ങളില്‍ പിതാവും മുന്‍ പരമോന്നത നേതാവുമായ അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മൊജ്തബ ഖമനേയി സ്ഥാനമേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി മാറിയിരുന്നു. മേഖലയില്‍ വര്‍ധിച്ച അക്രമസംഭവങ്ങള്‍ ആഗോളതലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരാന്‍ കാരണമായതും അമേരിക്കയിലടക്കം നിരവധി കുടുംബങ്ങളെ ബാധിച്ചതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, ഇന്ത്യയിലെ ഇറാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മറ്റൊരു പരിഹാസചിത്രവും പങ്കുവെച്ചു. ഇറാന്‍ പതാകയുള്ള ടി-ഷര്‍ട്ട് ധരിച്ച കുട്ടി ട്രംപിനെ നോക്കി ചിരിക്കുന്നതും പരിഹസിച്ച് വിരല്‍ചൂണ്ടുന്നതുമാണ് ചിത്രത്തിലുള്ളത്. 'വേസ്റ്റഡ്' എന്ന വാക്കിനൊപ്പം 'അടുത്ത തവണ ഭാഗ്യം പരീക്ഷിക്കൂ, മിസ്റ്റര്‍ ട്രംപ്' എന്ന കുറിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2026-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റുകളുടെ നേട്ടവും റിപ്പബ്ലിക്കന്‍മാര്‍ക്ക് 12 സീറ്റുകളുടെ നഷ്ടവുമുണ്ടായെന്ന് ചിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ട്രംപിന്റെ രാഷ്ട്രീയ അജന്‍ഡയ്‌ക്കേറ്റ തിരിച്ചടിയായാണ് ഈ ഫലത്തെ ഇറാന്‍ ചിത്രീകരിച്ചത്.
'ഭരണമാറ്റത്തെക്കുറിച്ച് നിങ്ങള്‍ സംസാരിച്ചു; എന്നാല്‍ അത് ഞങ്ങള്‍ നടപ്പാക്കി' എന്ന പരിഹാസക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ പ്രസ്താവനകളെ തിരിച്ചടിച്ചുകൊണ്ട് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് മുന്നേറ്റത്തെ ഇറാന്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുകയായിരുന്നു.
