ടെക്‌സസ്: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികവുറ്റ വിജയം നേടിയ മലയാളി സ്ഥാനാര്‍ഥികള്‍ അഭിമാനമായി. സുരേന്ദ്രന്‍ കെ പട്ടേല്‍, ജൂലി എ മാത്യു, മാര്‍ട്ടിന്‍ ജോണ്‍ എന്നിവരാണ് വിജയം വരിച്ചത്.
സുരേന്ദ്രന്‍ കെ പട്ടേല്‍ 240-ാം ജില്ലാ ജഡ്ജി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജൂലി എ മാത്യു കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്കും മാര്‍ട്ടിന്‍ ജോണ്‍ ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് സുരേന്ദ്രന്‍ കെ പട്ടേല്‍ ടെക്‌സസ് 240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക് ജയിച്ചത്.
സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡസ്ട്രി ലോ എന്നീ മേഖലകളില്‍ കഴിവു തെളിയിച്ചാണ് സുരേന്ദ്രന്‍ കെ പട്ടേല്‍ 240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക് വീണ്ടും ജയിച്ചത്.
കാസര്‍ക്കോട് ജില്ലയില്‍ ജനിച്ച സുരേന്ദ്രന്‍ കെ പട്ടേല്‍ 1996 മുതല്‍ കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. 2007ല്‍ ഭാര്യയോടൊപ്പം യു എസിലെത്തിയ അദ്ദേഹം അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ആകൃഷ്ടനായാണ് 2009ല്‍ ബാര്‍ എക്‌സാം പാസ്സായത്. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്നും എല്‍ എല്‍ എം നേടിയ സുരേന്ദ്രന്‍ കെ പട്ടേല്‍ നേരത്തെ ഫാമിലി കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ റണ്‍ ഓഫിലും എത്തിയിരുന്നു.
ചെറിയ പ്രായത്തില്‍ തന്നെ ബീഡി തെറുപ്പ് ജോലി ചെയ്തിരുന്ന സുരേന്ദ്രന്‍ കെ പട്ടേല്‍ സ്വകാര്യ ബീഡിക്കമ്പനിയായ ഭാരത് ബീഡിയിലാണ് തൊഴിലെടുത്തിരുന്നത്. പഠിക്കാന്‍ മിടുക്കനല്ലായിരുന്നുവെങ്കിലും ബീഡി തെറുപ്പ് ജോലിക്കിടെ സഹപാഠികളുടെയും അധ്യാപകരുടേയും സഹായത്തോടെ പഠിച്ച് ്‌സ്‌കൂളില്‍ നിന്നും പാസാവുകയും പയ്യന്നൂര്‍ കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടുകയും ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നാണ് അദ്ദേഹം നിയമബിരുദം നേടിയത്.
ഹോസ്ദുര്‍ഗ് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സുരേന്ദ്രന്‍ കെ പട്ടേല്‍ ഭാര്യ ശുഭയ്ക്ക് ഡല്‍ഹിയില്‍ നഴ്‌സായി ജോലി കിട്ടിയതോടെയാണ് ഡല്‍ഹിയിലെത്തയത്. പിന്നാലെ സുപ്രിം കോടതിയില്‍ പ്രാക്ടീസ് ചെയ്യാനാരംഭിച്ചെങ്കിലും ഭാര്യയ്ക്ക് ഹൂസ്റ്റനില്‍ നഴ്‌സായി ജോലി ലഭിച്ചതോടെ യു എസിലേക്ക് തിരിക്കുകയും ചെയ്തു. ആദ്യം ക്രോഗറില്‍ സെയില്‍സ്മാനായി ജോലിയെടുത്ത് സുരേന്ദ്രന്‍ യു എസ് നിയമരംഗത്ത് പ്രവേശിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്തു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിയാണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജൂലി എ മാത്യു വിജയം നേടിയത്.
തിരുവല്ല സ്വദേശിനിയായ ജൂലി ടെക്‌സസിലെ ആര്‍ക്കളയില്‍ അസോസിയേറ്റ് മുനിസിപ്പല്‍ ജഡ്ജിയും അറ്റോണിയുമായിരുന്നു. ജൂലിയുടെ പിതാവ് തോമസ് ഡാനിയല്‍ യു എസിലേക്ക് കുടിയേറിയതിന് ശേഷം നേരിടേണ്ടി വന്ന സാമ്പത്തിക- നിയമപ്രശ്‌നങ്ങളാണ് ജൂലിയെ അഭിഭാഷകവൃത്തിയിലേക്ക് എത്തിച്ചത്. നഴ്‌സായ സൂസനാണ് ജൂലിയുടെ മാതാവ്. ജോണ്‍സണാണ് സഹോദരന്‍. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ജൂലി ഡെലവെയര്‍ ലോ സ്‌കൂളിലാണ് ജൂറിസ് ഡോക്ടറേറ്റ് ചെയ്തത്. നെതര്‍ലാന്റ്‌സിലെ യൂണിവേഴ്‌സിറ്റി ഓഫ് ലെയ്ഡലിനും ജൂലി പഠിച്ചിട്ടുണ്ട്. കാസര്‍ക്കോട് ഭീമനടി സ്വദേശി ജിമ്മി മാത്യുവാണ് ഭര്‍ത്താവ്.
പാലാ സെന്റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനാണ് മാര്‍ട്ടിന്‍ ജോണ്‍.
