എ.ഐ. തൊഴിൽ ഭീഷണിയല്ല, അവസരങ്ങളുടെ വാതിൽ തുറക്കും:മോഡി

എ.ഐ. തൊഴിൽ ഭീഷണിയല്ല, അവസരങ്ങളുടെ വാതിൽ തുറക്കും:മോഡി


ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) വ്യാപകമാകുന്നതോടെ തൊഴിൽ നഷ്ടഭീതിയുയരുന്ന സാഹചര്യത്തിൽ ആശങ്കയല്ല, തയ്യാറെടുപ്പാണ്‌വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

എ.ഐ. നിരവധി നിലവിലുള്ള ജോലികളുടെ സ്വഭാവം മാറ്റുമെന്ന് അംഗീകരിച്ച മോഡി, എന്നാൽ സാങ്കേതിക വിപ്ലവങ്ങൾ ചരിത്രപരമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. 'ഞങ്ങൾ ഇത് ഭാവിയിലെ പ്രശ്‌നമായി കാണുന്നില്ല; ഇപ്പോഴത്തെ നിർബന്ധിത ആവശ്യകതയായി കാണുകയാണ്. എ.ഐ. മനുഷ്യശേഷിയെ വർധിപ്പിക്കുന്ന 'ഫോഴ്‌സ് മൾട്ടിപ്ലയർ' ആണെന്ന് ഞാൻ കാണുന്നു,' അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സ്‌കിൽ വികസന പദ്ധതികളിലൊന്ന് ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നും, എ.ഐ. അധിഷ്ഠിത ഭാവിക്കായി ജനങ്ങളെ തയ്യാറാക്കുന്നതിനായി വൻതോതിൽ സ്‌കില്ലിംഗ്-റീ സ്‌കില്ലിംഗ് പദ്ധതികൾ നടപ്പിലാക്കുകയാണെന്നും മോഡി വ്യക്തമാക്കി. ഡിജിറ്റൽ പരിവർത്തനം ഉയർന്ന് വരുന്ന സാങ്കേതികമേഖലകളിൽ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ സാങ്കേതിക വിപ്ലവം വരുമ്പോളും ജനങ്ങൾക്ക് തൊഴിൽ നഷ്ട ഭീതിയുണ്ടായിരുന്നെങ്കിലും ഓരോ തവണയും പുതിയ വ്യവസായങ്ങളും തൊഴിൽമേഖലകളും രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എ.ഐ. കാലത്തും അതേ മാതൃക ആവർത്തിക്കുമെന്ന വിശ്വാസമാണ് മോഡി പ്രകടിപ്പിച്ചത്. ജോലികളുടെ സ്വഭാവം മാറാമെങ്കിലും അവസരങ്ങൾ വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ വെറും സാങ്കേതിക ഉപഭോക്താവായി തുടരാതെ ആഗോള സ്രഷ്ടാവായി ഉയരണമെന്നതാണ് ലക്ഷ്യമെന്ന് മോഡി പറഞ്ഞു. ആത്മനിർഭർ ഭാരത് ദൗത്യവുമായി ബന്ധിപ്പിച്ച് സാങ്കേതിക സ്വയം പര്യാപ്തത, ഉൾക്കൊള്ളുന്ന വളർച്ച, നവീകരണ അധിഷ്ഠിത നേതൃത്വം എന്നീ മൂന്നു തത്വങ്ങളാണ് ഇന്ത്യയുടെ എ.ഐ. യാത്രയെ നയിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.

ഭാവിയിൽ എ.ഐ. ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുകയും ജനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവെച്ചു. വിവിധ ഭാഷകളിൽ ലോക ജനതയ്ക്ക് സേവനം ചെയ്യുന്ന ഇന്ത്യൻ എ.ഐ. സംവിധാനങ്ങളും, ആഗോള തലത്തിൽ വളരുന്ന സ്റ്റാർട്ടപ്പുകളും, കാര്യക്ഷമതയും നീതിയും ഉറപ്പാക്കുന്ന എ.ഐ. അധിഷ്ഠിത പൊതുസേവന മാതൃകകളും ഇന്ത്യ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ മൂല്യങ്ങളും മനുഷ്യ ഗൗരവവും മുൻനിർത്തിയുള്ള ഉത്തരവാദിത്വപരമായ ഡിജിറ്റൽ നേതൃപദവി ഇന്ത്യ കൈവരിക്കുമെന്നും മോഡി കൂട്ടിച്ചേർത്തു.