നടൻ പ്രേംകുമാർകോൺഗ്രസ്‌വേദിയിൽ; കഴക്കൂട്ടത്ത് സ്ഥാനാർഥിത്വം പരിഗണനയിൽ

നടൻ പ്രേംകുമാർകോൺഗ്രസ്‌വേദിയിൽ; കഴക്കൂട്ടത്ത് സ്ഥാനാർഥിത്വം പരിഗണനയിൽ


കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു. കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെപിസിസിയുടെ 'സംസ്‌കാര ഉത്സവ് 2026' പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തത്.

സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങിൽ പങ്കെടുക്കുന്നതിന് പ്രത്യേക രാഷ്ട്രീയ അർത്ഥമില്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടതുപക്ഷവുമായി അകന്നുനിൽക്കുന്ന അദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കഴക്കൂട്ടം മണ്ഡലത്തിൽ പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് ആലോചനയെന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ കെ സി  വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്. കഴക്കൂട്ടത്ത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഗുണകരമാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഔദ്യോഗിക പാർട്ടി പ്രവേശനത്തിനു ശേഷമായിരിക്കും അന്തിമതീരുമാനം ഉണ്ടാകുക.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് യാതൊരു വിശദീകരണവും നൽകാതെ മാറ്റിയതിൽ പ്രേംകുമാർ അടുത്തിടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. തുടർ ഭരണം വേണ്ടെന്ന് അഭിപ്രായപ്പെട്ട കവി കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തുടരുമ്പോൾ തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് ഇരട്ടനീതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇതോടെ പ്രേംകുമാറിന്റെ രാഷ്ട്രീയ നീക്കങ്ങൾ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.