ആണവചർച്ചയിൽ 'പുതിയ അവസര ജാലകം'; മാർഗനിർദേശ തത്വങ്ങളിൽ ഇറാനും യുഎസും ധാരണ

ആണവചർച്ചയിൽ 'പുതിയ അവസര ജാലകം'; മാർഗനിർദേശ തത്വങ്ങളിൽ ഇറാനും യുഎസും ധാരണ


ജനീവ: ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചയുടെ രണ്ടാംഘട്ടം ജനീവയിൽ അവസാനിച്ചു. സാധ്യതയുള്ള അണവ കരാറിലേക്ക് നീങ്ങാൻ 'മാർഗനിർദേശ തത്വങ്ങൾ' എന്ന അടിസ്ഥാനരേഖയിൽ ഇരുരാജ്യങ്ങളും വിപുലമായ ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി അറിയിച്ചു.

ഒമാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് നന്ദി അറിയിച്ച അറാഘ്ചി, 'പുതിയ അവസര ജാലകം തുറന്നിരിക്കുകയാണ്; ഇന്ന് നടന്ന രണ്ടാംഘട്ട ചർച്ചകൾ കൂടുതൽ സൃഷ്ടിപരമായിരുന്നു,' എന്ന് ജനീവയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിൽ പറഞ്ഞു. സ്ഥിരതയുള്ള, ചർച്ചയിലൂടെ കൈവരിക്കുന്ന പരിഹാരമാണ് ലക്ഷ്യമെന്നും, പ്രദേശത്തിന്റെയും ബന്ധപ്പെട്ട രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒത്തുതീർപ്പിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 'എന്തുതരം ഭീഷണിക്കും ആക്രമണത്തിനും എതിരെ ഇറാൻ സ്വയം സംരക്ഷിക്കാൻ സജ്ജമാണ്,' എന്ന മുന്നറിയിപ്പും നൽകി.

ചർച്ചകളുടെ ഭാഗമായി സാധ്യതയുള്ള കരാറിന്റെ കരട് തയ്യാറാക്കുന്നതിനായി ഇരു പക്ഷങ്ങളും പ്രവർത്തനം ആരംഭിക്കുമെന്ന് അറാഘ്ചി വ്യക്തമാക്കി. കരടുകൾ തയ്യാറായാൽ പരസ്പരം കൈമാറി മൂന്നാംഘട്ട ചർച്ചയുടെ തീയതി നിശ്ചയിക്കുമെന്നും അറിയിച്ചു. നിലപാടുകളിലുള്ള വ്യത്യാസങ്ങൾ ചുരുക്കാൻ സമയംവേണ്ടിവരുമെന്നതും അദ്ദേഹം സമ്മതിച്ചു.

ചർച്ചകൾക്ക് മുന്നോടിയായി യുഎസ് മദ്ധ്യപൂർവേഷ്യയിലേക്ക് വിമാനവാഹിനികൾ നീക്കിയിരുന്നു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ കപ്പലുകളാണ്  വിന്യസിച്ചത്. ചർച്ചകൾ പരാജയപ്പെട്ടാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് നൽകിയിരുന്നു. മധ്യപൂർവേഷ്യയിൽ സമാധാനാവസ്ഥ നിലനിൽക്കുന്നുവെന്നും, ചില ഇടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാകാമെങ്കിലും  സാഹചര്യം സമാധാനപരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇറാൻ-അമേരിക്ക ബന്ധത്തിലെ നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് സ്ഥിരപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ജനീവ ചർച്ചകൾ പുതിയ ദിശയിലെത്തിയെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.