താരിഖ് റഹ്മാന്റെ 'പുതിയ ബംഗ്ലാദേശില്‍' ഷെയ്ഖ് ഹസീനക്കും അവാമി ലീഗിനും സ്ഥാനമുണ്ടാകുമോ

താരിഖ് റഹ്മാന്റെ 'പുതിയ ബംഗ്ലാദേശില്‍' ഷെയ്ഖ് ഹസീനക്കും അവാമി ലീഗിനും സ്ഥാനമുണ്ടാകുമോ


ധാക്ക: ബംഗ്ലാദേശിലെ 13-ാം പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) വന്‍ വിജയം നേടിയതോടെ പ്രധാനമന്ത്രിയായ താരിഖ് റഹ്മാന്റെ പുതിയ ബംഗ്ലാദേശ് അലകും പിടിയും മാറ്റുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ ജനങ്ങള്‍. രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നില്‍പ്പെട്ട റഹ്മാന്റെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന സര്‍ക്കാര്‍ 2024ലെ ജനകീയ വിപ്ലവത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണ്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം 'രണ്ട് ബീഗങ്ങള്‍' ഇല്ലാതെ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഖാലിദ സിയ ജീവിച്ചിരിപ്പില്ല. 2024ലെ വിപ്ലവത്തില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീനയാകട്ടെ ഇന്ത്യയില്‍ രാഷ്ട്രീയ അഭയത്തിലുമാണ്. 

തെരഞ്ഞെടുപ്പിന് മുമ്പ് 'പുതിയ ബംഗ്ലാദേശ്' എന്ന ആശയം മുന്നോട്ടുവച്ച റഹ്മാനില്‍ വോട്ടര്‍മാര്‍ വിശ്വാസം പ്രകടിപ്പിച്ചതാണ് ഫലത്തില്‍ തെളിഞ്ഞത്. എന്നാല്‍, ഈ 'പുതിയ ബംഗ്ലാദേശില്‍' അവാമി ലീഗിനും ഹസീനയ്ക്കും സ്ഥാനം നല്‍കുമോ എന്നത് അടുത്ത ദിവസങ്ങളിലെ രാഷ്ട്രീയ ഗതിയെ നിര്‍ണ്ണയിക്കുന്ന ചോദ്യമായി തുടരുന്നു.

രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രതികാര രാഷ്ട്രീയത്തിന് വലിയ പങ്കുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. പഴയ രീതികള്‍ പിന്തുടരണമോ അതില്‍ നിന്ന് വ്യത്യസ്തമായി മുന്നേറണമോ എന്നത് റഹ്മാന്റെ തീരുമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഹസീനയെ ഇന്ത്യയില്‍ നിന്ന് കൈമാറുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികളനുസരിച്ചായിരിക്കും തീരുമാനമെന്ന് റഹ്മാന്‍ വ്യക്തമാക്കി. എന്നാല്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് ഇന്ത്യയോട് ഔദ്യോഗികമായി ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഇതിനിടെ, ജമാഅത്-ഇ-ഇസ്ലാമി (ജെ ഐ) 68 സീറ്റുകള്‍ നേടി 31.76 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂട്ടുകക്ഷികളുടെ ആകെ സീറ്റുകള്‍ 11 മാത്രമാണെങ്കിലും തിരഞ്ഞെടുപ്പ് തോല്‍വിയല്ല, ശക്തമായ അടിത്തറയാണിതെന്ന് ജമാഅത് നേതാവ് ഷഫീഖുര്‍ റഹ്മാന്‍ വിലയിരുത്തി. 2014 മുതല്‍ 2018 വരെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 2008-ല്‍ 4.7 ശതമാനം വോട്ടുകളും രണ്ട് സീറ്റുകളും മാത്രമായിരുന്നു ലഭിച്ചത്. 1991-ല്‍ 18 സീറ്റുകളും ഏകദേശം 12 ശതമാനം വോട്ടും നേടിയത് മുന്‍ മികച്ച പ്രകടനമായിരുന്നു.

2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ജമാഅത് സജീവ പിന്തുണ നല്‍കി. ജമാഅത്ത് പിന്തുണയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ജെന്‍ സിയില്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. പ്രമുഖ വിദ്യാര്‍ഥി നേതാക്കളായ നാഹിദ് ഇസ്ലാം, ഹസ്‌നത് അബ്ദുല്ല എന്നിവര്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുമായി (എന്‍ സി പി) ഉണ്ടായ കൂട്ടുകെട്ട് പാര്‍ട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ സഹായിച്ചു. ഹസീനയുടെ പുറത്താകലിന് പിന്നാലെ മുന്നേറ്റം നടത്തിയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ പിന്തുണയും ജമാഅത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. ഇന്ത്യക്കെതിരായ പൊതുജനരോഷവും പാര്‍ട്ടിക്ക് അനുകൂലമായി. അതേസമയം, ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയചിത്രം സൃഷ്ടിക്കാന്‍ ജമാഅത്ത് ഒരു ഹിന്ദു സ്ഥാനാര്‍ഥിയെയും മത്സരിപ്പിച്ചു.

ജമാഅത്തിന്റെ വളര്‍ച്ചയെ കുറിച്ച് റഹ്മാന്‍ ബോധവാനായിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സത്യപ്രതിജ്ഞയ്ക്കുമുമ്പ് തന്നെ ജമാഅത്ത് നേതാവായ ഷഫീഖുര്‍ റഹ്മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്തുണ നല്‍കിയെങ്കിലും ഉത്തരവാദിത്വം ആവശ്യമായ വിഷയങ്ങളില്‍ പാര്‍ട്ടി അഭിപ്രായം പറയും എന്ന നിബന്ധന ജമാഅത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചരിത്രപരമായി മതേതര ബംഗ്ലാദേശിന്റെ ആശയത്തെ പിന്തുണച്ചിട്ടില്ലാത്ത ജമാഅത്തിന്റെ വളര്‍ച്ച, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, റഹ്മാനെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. ഹസീനയുടെ അവാമി ലീഗ് രാഷ്ട്രീയ രംഗത്ത് ഇല്ലാത്തത് ജമാഅത്തിനുള്ള ഒഴിവിടം വര്‍ധിപ്പിക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത ബി എന്‍ പി വിജയകരമായി മുതലെടുക്കുകയായിരുന്നു. മുന്‍ അവാമി ലീഗ് വോട്ടര്‍മാരില്‍ 48.2 ശതമാനം പേര്‍ ബി എന്‍ പിയെ പിന്തുണച്ചതായി തെരഞ്ഞെടുപ്പിന് മുന്‍പുള്ള വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു. 1971ലെ വിമോചന സമരത്തിന്റെ മതേതര- ദേശീയതാ അടിസ്ഥാനങ്ങളില്‍ രൂപംകൊണ്ട പാര്‍ട്ടികളായതിനാല്‍ ബി എന്‍ പി, അവാമി ലീഗ് വോട്ടര്‍മാര്‍ക്ക് സ്വാഭാവികമായൊരു തിരഞ്ഞെടുപ്പായി. ജമാഅത്തിന്റെ കഠിന ഇസ്ലാമിസ്റ്റ് നിലപാടുകളേക്കാള്‍ 'സമത്വ ബംഗ്ലാദേശ്' എന്ന റഹ്മാന്റെ ആഹ്വാനം സുരക്ഷിതമായ വഴിയെന്നായിരുന്നു വിലയിരുത്തല്‍. ഭരണസ്ഥിരതയെ മുന്‍ഗണന നല്‍കുന്ന വോട്ടര്‍മാരെ ആകര്‍ഷിക്കാനും ബി എന്‍ പിക്ക് സാധിച്ചു. 

ഹസീനയുടെ ഭരണകാലത്ത് തന്റെ കുടുംബം നേരിട്ടതായി ആരോപിക്കപ്പെടുന്ന അനീതികളെ റഹ്മാന്‍ മറക്കുമോ എന്നത് സംശയമാണ്. 2008ലെ തെരഞ്ഞെടുപ്പിന് ശേഷം ഖാലിദ സിയക്കെതിരെ കേസുകള്‍ ഉയര്‍ന്നു. 2011-ല്‍ തെരഞ്ഞെടുപ്പുകള്‍ മേല്‍നോട്ടം വഹിച്ചിരുന്ന നിഷ്പക്ഷ കെയര്‍ടേക്കര്‍ സംവിധാനം റദ്ദാക്കി. 2014-ലും 2024-ലും ബി എന്‍ പി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 2018-ല്‍ ബാലറ്റ് സ്റ്റഫിംഗുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു. അതേ വര്‍ഷം സിയ ഓര്‍ഫനേജ് ട്രസ്റ്റ്, സിയ ചാരിറ്റബിള്‍ ട്രസ്റ്റ് കേസുകളില്‍ 17 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടു.

മൂന്നുതവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയെ പഴയ ധാക്ക സെന്‍ട്രല്‍ ജയിലില്‍ ഏക തടവുകാരിയായി രണ്ട് വര്‍ഷത്തിലധികം പാര്‍പ്പിച്ചു. 2020-ല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശിക്ഷ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ കുടുംബം നല്‍കിയ 18 അപേക്ഷകള്‍ ഹസീന സര്‍ക്കാര്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2004ലെ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ താരിഖ് റഹ്മാനെ ജീവപര്യന്തം തടവിന് വിധിച്ചു. ബി എന്‍ പിയുടെ 50 ലക്ഷത്തോളം പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രേരിത കേസുകള്‍ നേരിട്ടതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പോഴത്തെ ചോദ്യം കുടുംബത്തിനും പാര്‍ട്ടിക്കും നേരിട്ട പ്രതികാരങ്ങളെ മറന്ന് റഹ്മാന്‍ നിയമാധിപത്യത്തിന് മുന്‍ഗണന നല്‍കുമോ എന്നതാണ്. അവാമി ലീഗിനും ഷെയ്ഖ് ഹസീനയ്ക്കും 'പുതിയ ബംഗ്ലാദേശില്‍' അവസരം നല്‍കുമോ എന്ന ചോദ്യവും ഉയര്‍ന്നു നില്‍ക്കുന്നു. ഇന്ത്യക്കെതിരായ പൊതുഭാവനയും പാകിസ്ഥാനുമായി ജമാഅത്തിന്റെ ചരിത്രബന്ധവും പരിഗണിച്ച് ജമാഅത്തിന്റെ വളര്‍ച്ച നിയന്ത്രിക്കുമോ എന്ന കാര്യവും കണ്ടറിയേണ്ടതുണ്ട്. യു കെയില്‍ നിന്ന് മടങ്ങിയെത്തിയ റഹ്മാന്‍ ഒരു രാജ്യതന്ത്രജ്ഞനായി ഉയരുമോ എന്നതാണ് ബംഗ്ലാദേശും ലോകവും കാത്തിരിക്കുന്നത്.