റോഡ് ഐലന്റ്: ഹൈസ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റ് ദുരന്തഭൂമിയായി മാറി. ഐസ് അരീനയ്ക്കുള്ളില്‍ നടന്ന വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചിലര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ലിഞ്ച് അറീനയിലായിരുന്നു സംഭവം.
നിരവധി പ്രാദേശിക സ്‌കൂള്‍ ടീമുകള്‍ മത്സരങ്ങള്‍ക്കായി ഒത്തുകൂടിയിരിക്കെ സ്റ്റാന്‍ഡുകളില്‍ നിന്നാണ് വെടിയുതിര്‍ന്നത്. ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊന്ന പിതാവാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയേയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കുടുംബ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെ കാരണമമെന്നാണ് പ്രാഥമിക അന്വേഷണ സൂചന.
ഹോക്കി മത്സരം നടക്കുന്നതിനിടെ സ്റ്റാന്‍ഡുകളില്‍ അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങുകയായിരുന്നു. മത്സരം ലൈവ് സ്ട്രീമിംഗില്‍ സംപ്രേഷണം ചെയ്യുന്നതിനിടെ പ്രേക്ഷകരും കളിക്കാരും നിലത്തേക്ക് ചാടിയും മറഞ്ഞും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
ബെഞ്ചിലിരുന്ന കളിക്കാര്‍ രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ ചിലര്‍ സ്‌കേറ്റുകള്‍ പോലും ഉപേക്ഷിച്ചു. ചിലര്‍ റിങ്ക് ബാരിയര്‍ കയറി ലോക്കര്‍ റൂമുകളിലേക്കോടി. പ്രേക്ഷക ഗ്യാലറിയിലുണ്ടായിരുന്ന കുടുംബങ്ങള്‍ പുറത്തേക്കുള്ള വാതിലുകളിലേക്ക് ഓടിയതോടെ അറീന മുഴുവന്‍ ആശയക്കുഴപ്പവും ഭീതിയും നിറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച് രണ്ട് പേര്‍ സംഭവസ്ഥലത്ത് മരിക്കുകയും ഒരു പെണ്‍കുട്ടി അറീനയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൂന്നു പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.
അധികൃതര്‍ ഔദ്യോഗികമായി പേരുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രതി ആദ്യം സ്വന്തം കുടുംബാംഗങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും തുടര്‍ന്ന് സ്വയം വെടിവെച്ചിരിക്കാമെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വെടിവെപ്പിനിടെ ഒരാള്‍ പ്രതിയുമായി ഏറ്റുമുട്ടി തോക്ക് പിടിച്ചെടുത്തതായി സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ പ്രാദേശിക സ്‌പോര്‍ട്‌സ് എഡിറ്ററായ ബ്രാന്റണ്‍ മെല്ലോയുടെ റിപ്പോര്‍ട്ട് പ്രകാരം, പ്രതിയുടെ കൈവശം മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
