ഹോർമുസ് കടലിടുക്കിൽ സംഘർഷം കനക്കുന്നു; ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ സംഘർഷം കനക്കുന്നു; ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്


ടെഹ്രാൻ/ വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച കടുത്ത അന്ത്യശാസനത്തിന് ശക്തമായ മറുപടിയുമായി ഇറാൻ . 'ഹോർമുസ് കടലിടുക്ക് ഇനി പഴയ നിലയിലേക്കു മടങ്ങില്ല, പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇസ്രായേലിനും,' എന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേന വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക്  സംബന്ധിച്ച് പുതിയ 'പേർഷ്യൻ ഗൾഫ് ക്രമം' നടപ്പാക്കാൻ സൈനിക ഒരുക്കങ്ങൾ പൂർത്തിയാകുന്നതായും ഐആർജിസി അറിയിച്ചു.

ഇതിനുമുമ്പ്, ട്രംപിന്റെ നീക്കങ്ങളെ 'അവിവേകപരമായത്' എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ   മൊഹമ്മദ് ബാഗർ ഗാലിബാഫ്  വിമർശിച്ചിരുന്നു. ഈ നടപടികൾ അമേരിക്കയെ  'ജീവിക്കുന്ന നരകത്തിലേക്ക്' നയിക്കുമെന്നും, മുഴുവൻ മേഖലയും യുദ്ധത്തിലേക്ക് വഴുതിപ്പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വാധീനത്തിലാണ് ട്രംപ് പ്രവർത്തിക്കുന്നതെന്ന ആരോപണവും ഗാലിബാഫ് ഉന്നയിച്ചു.

അതേസമയം, ട്രംപ് തന്റെ പ്രസ്താവനകളിലെ കടുത്ത ഭാഷ തുടരുകയാണ്. ഇറാൻ ഹോർമുസ് തുറക്കാത്ത പക്ഷം വൈദ്യുതി നിലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തി. '48 മണിക്കൂറിനുള്ളിൽ കരാർ ഇല്ലെങ്കിൽ വലിയ നടപടി ഉണ്ടാകും,' എന്നും ട്രംപ് പറഞ്ഞു.

എന്നാൽ, സംഘർഷം രൂക്ഷമാകുന്നതിനിടെ തന്നെ ഒരു ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.

മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ ഉയരുമ്പോൾ, ആഗോള ശ്രദ്ധ ഇപ്പോൾ ഹോർമുസ് കടലിടുക്കിലേക്കാണ്.