കൊല്‍ക്കത്ത: ബംഗാളി നടന്‍ രാഹുല്‍ അരുണോദയ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ പ്രിയങ്ക സര്‍ക്കാര്‍ ഒഡീഷ പൊലീസില്‍ പരാതി നല്‍കി. നടന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്നാണ് പ്രിയങ്ക സര്‍ക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രിയങ്കയുടെ പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒഡീഷയിലെ തല്‍സാരി മറൈന്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ അഞ്ച് പേരെ പരാമര്‍ശിക്കുന്നുണ്ട്.
സിനിമാ ചിത്രീകരണത്തിനു വേണ്ടി ഒഡീഷയിലെ തല്‍സാരി ബീച്ചിലേക്ക് രാഹുല്‍ പോയിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം കടലിലേക്ക് വഴുതി വീഴുകയും തുടര്‍ന്ന് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
