മിഡിൽ ഈസ്റ്റിൽ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെ, കുവൈത്തിലെ പ്രധാന എണ്ണകേന്ദ്രത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം ഉണ്ടായി. കുവൈറ്റ് പെട്രോളിയം കോർപറേഷൻ ആസ്ഥാനം ഉൾപ്പെടുന്ന ഷുവൈഖ് ഓയിൽ സെക്ടർ കോംപ്ലക്‌സിലാണ് സംഭവം. ആളപായമൊന്നുമില്ലെങ്കിലും കെട്ടിടങ്ങൾക്ക് ഗണ്യമായ നാശനഷ്ടം സംഭവിച്ചതായി കുവൈറ്റ് ദേശീയ മാധ്യമം KUNA റിപ്പോർട്ട് ചെയ്തു.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ കെട്ടിടം ഒഴിപ്പിക്കുകയും അഗ്‌നിശമനസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടം വിലയിരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാർ ഞായറാഴ്ച വീട്ടിൽ നിന്നുതന്നെ ജോലി ചെയ്യുമെന്നുമാണ് വിവരം.
ഇതിനിടെ, ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നുള്ള പുതിയ മിസൈൽ ആക്രമണങ്ങൾ നടന്നതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ സജ്ജമായി പ്രവർത്തിച്ച് മിസൈലുകൾ തടയാനുള്ള ശ്രമം തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.
ലെബനനിലും സംഘർഷം ശക്തമായി. തെക്കൻ സിഡോൺ ജില്ലയിലെ കഫർ ഹട്ട പട്ടണത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന് മണിക്കൂറുകൾ മുമ്പ് തന്നെ പ്രദേശവാസികൾ ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
കടൽഗതാഗത രംഗത്തും നിർണായകമായ നീക്കമാണ് ഇറാൻ നടത്തിയിരിക്കുന്നത്. ആഗോള എണ്ണവ്യാപാരത്തിന് പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്കുവഴി ഇറാഖ് കപ്പലുകൾക്ക് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് അനുവദിച്ചതായി ഇറാൻ അറിയിച്ചു. ഇതോടെ ദിവസേന ഏകദേശം 30 ലക്ഷം ബാരൽ എണ്ണ കയറ്റുമതി വീണ്ടും സജീവമാകാൻ സാധ്യതയുണ്ട്.
സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ സുരക്ഷയും ആഗോള ഊർജ വിപണിയും ആശങ്കയിൽ തുടരുകയാണ്.
കുവൈത്തിൽ ഡ്രോൺ ആക്രമണം; എണ്ണകേന്ദ്രത്തിൽ തീപിടിത്തം, ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം തുടരുന്നു
