കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കുടുംബാംഗങ്ങളെ യു എസ് അറസ്റ്റ് ചെയ്തു

കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കുടുംബാംഗങ്ങളെ യു എസ് അറസ്റ്റ് ചെയ്തു


വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ബന്ധുക്കളെയും അദ്ദേഹത്തിന്റെ മരുമകളെയും യു എസ് ഫെഡറല്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തികള്‍ ഹമീദേ സുലൈമാനി അഫ്ഷറും മകളുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അവര്‍ നിലവില്‍ യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐ സി ഇ) കസ്റ്റഡിയിലാണ്.

അഫ്ഷര്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അറസ്റ്റ് സ്ഥലം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവരുടെ നിയമപരമായ സ്ഥിര താമസ (എല്‍പിആര്‍) പദവി അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരുമകളെയും ചെറുമകളെയും ഫെഡറല്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

2020 ജനുവരിയില്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലായിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ഉത്തരവിട്ട യു എസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഖുദ്സ് ഫോഴ്സ് വിഭാഗത്തെ നയിച്ചിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്.

യു എസില്‍ താമസിക്കുമ്പോള്‍ ഭരണകൂട പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കന്‍ സൈനികര്‍ക്കെതിരായ ആക്രമണങ്ങള്‍ ആഘോഷിക്കുന്നതിനും ഇറാന്റെ നിലവിലെ നേതൃത്വത്തെ പ്രശംസിക്കുന്നതിനും അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിച്ചു.

ഈ മാസം ആദ്യം, ഇറാനിലെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി അലി ലാരിജാനിയുടെ മകള്‍ ഫാത്തിമ അര്‍ദേശിര്‍ ലാരിജാനിയുടെ നിയമപരമായ പദവിയും റൂബിയോ അവസാനിപ്പിച്ചു.