കരാറില്‍ എത്തിയില്ലെങ്കില്‍ നരകം പെയ്യും; ഇറാന് 48 മണിക്കൂര്‍ അന്ത്യശാസനവുമായി ട്രംപ്

കരാറില്‍ എത്തിയില്ലെങ്കില്‍ നരകം പെയ്യും; ഇറാന് 48  മണിക്കൂര്‍ അന്ത്യശാസനവുമായി ട്രംപ്


വാഷിംഗ്ടണ്‍: കരാറിലെത്താനും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് 48 മണിക്കൂര്‍ സമയം നല്‍കി. അല്ലെങ്കില്‍ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍  നല്‍കി. 

'ഒരു കരാര്‍ ഉണ്ടാക്കാന്‍' അല്ലെങ്കില്‍ തന്ത്രപ്രധാനമായ ജലപാത തുറക്കാന്‍ താന്‍ മുമ്പ് സമയപരിധി നിശ്ചയിച്ചിരുന്നുവെന്ന് എഴുതിയ ട്രംപ് സമയം കഴിഞ്ഞുവെന്നും എല്ലാ നരകങ്ങളും അവരുടെ മേല്‍ വര്‍ഷിക്കുന്നതിന് 48 മണിക്കൂര്‍ കൂടിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെ യു എസ്-ഇസ്രായേല്‍ ആക്രമണം നാലാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെയാണ് ഈ അന്ത്യശാസനം വന്നത്. 

മാര്‍ച്ച് 26നാണ് ട്രംപ് ഇറാന് ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള സമയപരിധി 10 ദിവസം കൂടി നീട്ടി നല്‍കിയത്. ചര്‍ച്ചകള്‍ 'വളരെ നന്നായി നടക്കുന്നുണ്ടെന്ന്' പ്രസ്താവിച്ചായിരുന്നു ഏപ്രില്‍ 6 വരെ തിയ്യതി നീട്ടി നല്‍കിയത്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് സമയം നീട്ടിനല്‍കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ ഇത് നിഷേധിച്ചു.