എഫ് സി ആര്‍ എ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസും ഇടതും കള്ളം പ്രചരിപ്പിക്കുന്നു: നരേന്ദ്ര മോഡി

എഫ് സി ആര്‍ എ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസും ഇടതും കള്ളം പ്രചരിപ്പിക്കുന്നു: നരേന്ദ്ര മോഡി


തിരുവല്ല: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ് സി ആര്‍ എ) ഭേദഗതികളെക്കുറിച്ച് കോണ്‍ഗ്രസും ഇടതുപക്ഷവും നുണപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവല്ലയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളിലും നുണ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെയും ഇടതിന്റെയും ശീലമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'സി എ എ കൊണ്ടുവന്നപ്പോള്‍ അവര്‍ എത്രയോ നുണകള്‍ പ്രചരിപ്പിച്ചു. ഇന്ന് സി എ എ നടപ്പിലായിക്കഴിഞ്ഞു, രാജ്യത്തിന് യാതൊരു ദോഷവും സംഭവിച്ചില്ല. 'കേരള സ്റ്റോറി' എന്ന സിനിമ പുറത്തുവന്നപ്പോള്‍ അതെല്ലാം കള്ളമാണെന്ന് അവര്‍ പറഞ്ഞു. 'കാശ്മീര്‍ ഫയല്‍സ്' വന്നപ്പോഴും അവര്‍ നുണയാണെന്ന് ആവര്‍ത്തിച്ചു. 'ധുരന്ധര്‍' എന്ന സിനിമ വന്നപ്പോഴും ഇതേ പല്ലവി തന്നെയായിരുന്നു. ഇപ്പോള്‍ എഫ് സി ആര്‍ എയെക്കുറിച്ചും ഏക സിവില്‍ കോഡിനെക്കുറിച്ചും സമാനമായ രീതിയില്‍ കള്ളം പ്രചരിപ്പിക്കുകയാണ്,' മോഡി പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് ആരംഭിക്കുമെന്നും അവകാശപ്പെട്ടു. തിരുവല്ലയിലെ സ്ഥാനാര്‍ഥി അനൂപ് ആന്റണിയെ പരിചയപ്പെടുത്തിയ അദ്ദേഹം, അനൂപ് വര്‍ഷങ്ങളായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും വിജയമുറപ്പാണെന്നും പറഞ്ഞു. ബൂത്ത് തലത്തിലുള്ള പരിപാടികളിലൂടെ താന്‍ കേരളത്തിലെ പ്രവര്‍ത്തകരുമായി സംവദിച്ചിട്ടുണ്ടെന്നും ഇതിലൂടെ കേരളം എല്‍ ഡി എഫിന് വിട നല്‍കാന്‍ തയ്യാറെടുക്കുകയാണെന്ന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെലിപ്പാഡിന് സമീപത്തെ റോഡ് ഷോയില്‍ റോഡിനിരുവശവും തടിച്ചുകൂടിയ ജനസാഗരം ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വികസനത്തില്‍ കേരളം ഇപ്പോള്‍ ഏറെ പിന്നിലാണെന്നും സംസ്ഥാനത്തിന്റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്‍ ഡി എഫും യു ഡി എഫും മാറിമാറി ഭരിച്ചിട്ടും ഒന്നും നേടാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും റോഡുകളുടെയും പാലങ്ങളുടെയും കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടിയെന്ന് ചോദിച്ച മോഡി അതിന്റെ അഞ്ചിരട്ടി തുക തന്റെ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയെന്ന് അവകാശപ്പെട്ടു. ബി ജെ പി അധികാരത്തില്‍ വന്നാല്‍ 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭിക്കുമെന്നും വലിയ വികസനം വരുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

ക്രിസ്ത്യന്‍ ജനവിഭാഗം കൂടുതലുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി ജെ പി വികസനം എത്തിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ദേശീയപാത വികസനം തന്റെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. കോട്ടയം വഴി ഇപ്പോള്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നുണ്ട്. ശബരമല വിമാനത്താവള പദ്ധതി വികസനത്തിന് പുത്തന്‍ വഴിതുറക്കുമെങ്കിലും കേരള സര്‍ക്കാര്‍ അത് തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 'എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പദ്ധതി നടപ്പിലാക്കും. ഇത് മോഡിയുടെ ഗ്യാരണ്ടിയാണ്,' പ്രധാനമന്ത്രി പറഞ്ഞു.