യുദ്ധം ആരംഭിച്ചതിനുശേഷം 30 സര്‍വകലാശാലകള്‍ യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്നതായി ഇറാന്‍

യുദ്ധം ആരംഭിച്ചതിനുശേഷം 30 സര്‍വകലാശാലകള്‍ യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്നതായി ഇറാന്‍


തെഹ്‌റാന്‍: ബുഷെഹര്‍ ആണവ നിലയം ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല, നിരവധി സര്‍വകലാശാലകളും യു എസ്- ഇസ്രായേല്‍ ആക്രമണങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്‍.  ഫെബ്രുവരി അവസാനം യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇറാനിലുടനീളമുള്ള 30ലധികം സര്‍വകലാശാലകള്‍ തകര്‍ന്നതായി ഇറാന്‍ ശാസ്ത്ര മന്ത്രി പറഞ്ഞു.

ഇതുവരെ, 30ലധികം സര്‍വകലാശാലകള്‍ നേരിട്ട് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് വടക്കന്‍ തെഹ്റാനിലെ ഷാഹിദ് ബെഹെഷ്തി സര്‍വകലാശാല സന്ദര്‍ശിച്ച വേളയില്‍ ഹുസൈന്‍ സിമായ് സറഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

യു എസ്- ഇസ്രായേല്‍ ആക്രമണത്തില്‍ വടക്കന്‍ തെഹ്റാനിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു.

സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല ആക്രമിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ യു എസിന് മുന്നറിയിപ്പ് നല്‍കി.

മേഖലയിലെ സര്‍വ്വകലാശാലകള്‍ പ്രതികാര നടപടികളില്‍ നിന്ന് മുക്തമാകണമെന്ന് യു എസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍വകലാശാലകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിക്കണമെന്ന് ഐ ആര്‍ ജി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മേഖലയിലെ അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ എല്ലാ ജീവനക്കാരെയും പ്രൊഫസര്‍മാരെയും വിദ്യാര്‍ഥികളെയും അവരുടെ പരിസര പ്രദേശങ്ങളിലെ താമസക്കാരെയും കാമ്പസുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിര്‍ത്താന്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കി. 

ഗള്‍ഫ് മേഖലയിലുടനീളം അമേരിക്കന്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ പങ്കിട്ട ഡേറ്റ പ്രകാരം 2023ലും 2024ലും അറബ് രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളുടെ എണ്ണം 3,216 ആയിരുന്നു. മൊറോക്കോയില്‍ പരമാവധി 1,223 വിദ്യാര്‍ഥികളാണ് ചേര്‍ന്നത്. അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്സും ജോര്‍ദാനും യഥാക്രമം 1,072ഉം 484ഉം വിദ്യാര്‍ഥികളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഈജിപ്ത് (223), ഒമാന്‍ (70), ഖത്തര്‍ (74), തുണീഷ്യ (26), കുവൈറ്റ് (26), സൗദി അറേബ്യ (11), ലെബനന്‍ (5) എന്നിങ്ങനെയാണ് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റ് രാജ്യങ്ങള്‍.