ലൂസിയാനയിലെ പുതുവത്സര ഘോഷയാത്രയിൽ കാർ ഇടിച്ചു കയറി; നിരവധി പേർക്ക് പരുക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

ലൂസിയാനയിലെ പുതുവത്സര ഘോഷയാത്രയിൽ കാർ ഇടിച്ചു കയറി; നിരവധി പേർക്ക് പരുക്ക്, ഡ്രൈവർ കസ്റ്റഡിയിൽ


അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് ലാവോ പുതുവത്സരാഘോഷത്തിനിടെ നടന്ന ഘോഷയാത്രയിൽ കാർ ഇടിച്ചുകയറിയ സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ബ്രൗസാദ് നഗരത്തിലാണ് സംഭവം ഉണ്ടായത്.

വാഹനമോടിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സംഭവം ആസൂത്രിതമല്ലെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് കുറഞ്ഞത് 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അക്കാർഡിയൻ ആംബുലൻസ്  അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഹെലികോപ്ടർ ഉപയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.

സവന്നാഖെറ്റ് സ്ട്രീറ്റും മെലാൻകോൺ റോഡും കൂടിച്ചേരുന്ന ഭാഗത്താണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് ലൂസിയാന ലാവോ ന്യൂ ഇയർ ഫെസ്റ്റിവലിന്റെ ശേഷിച്ച എല്ലാ പരിപാടികളും സംഘാടകർ റദ്ദാക്കി.

സുരക്ഷാ ജീവനക്കാരെ മുഴുവനായും സംഭവസ്ഥലത്തേക്ക് തിരിച്ചുവിട്ടതിനാൽ കൂടുതൽ പരിപാടികൾ നടത്താനാവില്ലെന്നും, പരുക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.