തെഹ്റാന്: ബഹ്റൈന്‍, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ധന, പെട്രോകെമിക്കല്‍ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) പറഞ്ഞതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മഹ്ഷഹറിലെ ഒരു പെട്രോകെമിക്കല്‍ സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിനും തെഹ്റാന് പുറത്തുള്ള ഒരു പ്രധാന പാലത്തിന് നേരെയുണ്ടായ ആക്രമണത്തിനും മറുപടിയായാണ് ഐ ആര്‍ ജി സി സൈനിക നടപടി സ്വീകരിച്ചതെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐ ആര്‍ ഐ ബി) റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ പ്രതികരണത്തിന്റെ 'ആദ്യ ഘട്ടം' ഇന്ന് രാവിലെയാണ് നടന്നതെന്ന് റെവല്യൂഷണറി ഗാര്‍ഡുകളെ ഉദ്ധരിച്ച് ഐ ആര്‍ ഐ ബി പറഞ്ഞു.
യു എ ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കന്‍ ബന്ധമുള്ള ഗ്യാസ്, പെട്രോകെമിക്കല്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ യു എസ് താത്പര്യങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇസ്രായേലിലെ ഹൈഫയിലെ ഒരു എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ടതായി ഐ ആര്‍ ജി സി പറഞ്ഞു.
യു എ ഇ തലസ്ഥാനമായ അബുദാബിയിലെ ഒരു പെട്രോകെമിക്കല്‍ പ്ലാന്റിന് മുകളിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വീണതാണ് മൂന്ന് തീപിടുത്തങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സ്ഥലത്തിന് കേടുപാടുകള്‍ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിച്ചു.
