ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരീഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷനായ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട എം പിമാരോടൊപ്പം ചുമതലയേല്‍ക്കും. 35 വര്‍ഷത്തിനിടെ രാജ്യത്തെ ആദ്യ പുരുഷ പ്രധാനമന്ത്രിയാണ് താരീഖ് റഹ്മാന്‍. അദ്ദേഹം അധികാരമേല്‍ക്കുന്നത്. 2024ല്‍ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് പിന്നാലെ 'പുതിയ ബംഗ്ലാദേശ്' നിര്‍മ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിലെ മുന്‍ പ്രസിഡന്റ് സിയാവുര്‍റഹ്മാന്റേയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടേയും മകനാണ് തരീഖ് റഹ്മാന്‍. 2004-ലെ അവാമി ലീഗ് റാലിക്കെതിരായ ഗ്രനേഡ് ആക്രമണക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് യു കെയില്‍ പ്രവാസത്തിലായിരുന്ന അദ്ദേഹം 17 വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നാട്ടിലേക്ക് മടങ്ങിയത്. പൊതുതെരഞ്ഞെടുപ്പില്‍ ബി എന്‍ പി വന്‍വിജയം നേടിയതോടെയാണ് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണം ഉറപ്പായത്.
ബി എന്‍ പി എം പി റാഷിദുസ്സമാന്‍ മില്ലത്ത് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞതനുസരിച്ച് പുതിയ എം പിമാര്‍ രാവിലെ 10 മണിക്ക് പാര്‍ലമെന്റ് ഭവനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എ എം എം നാസിറുദ്ദീന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 മണിക്ക് മന്ത്രിസഭാ സത്യപ്രതിജ്ഞ നടക്കും.
പ്രധാനമന്ത്രിയെയും പുതിയ മന്ത്രിസഭയെയും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുക പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ആയിരിക്കും.
മൂന്നു സായുധ സേനകളുടെ മേധാവികള്‍, ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന ജഡ്ജിമാര്‍, ധാക്കയിലെ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുക്കും.
ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗേ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു, പാകിസ്ഥാന്‍ പ്ലാനിംഗ് മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍, നേപ്പാള്‍ വിദേശകാര്യമന്ത്രി ബാല നന്ദ ശര്‍മ, ശ്രീലങ്ക ആരോഗ്യ മന്ത്രി നളിന്ദ ജയതിസ്സ, യു കെയുടെ ഇന്‍ഡോ- പസഫിക് അണ്ടര്‍ സെക്രട്ടറി സീമ മല്‍ഹോത്ര എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഖത്തര്‍, മലേഷ്യ, ബ്രൂണൈ എന്നിവിടങ്ങളില്‍ നിന്ന് ഉന്നതതല പ്രതിനിധികളും പങ്കെടുക്കും. ചൈന, സൗദി അറേബ്യ, തുര്‍ക്കി, യു എ ഇ നേതാക്കള്‍ക്കും ക്ഷണം അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തരീഖ് റഹ്മാന്‍ ജമാഅത്ത് നേതാവായ ഷഫീഖുര്‍ റഹ്മാനെ സന്ദര്‍ശിച്ചു. ബി എന്‍ പി ജനറല്‍ സെക്രട്ടറി മിര്‍സ ഫക്‌റുല്‍ ഇസ്‌ലാം ആലംഗിറും കൂടെയുണ്ടായിരുന്നു. കോര്‍ട്ടസി സന്ദര്‍ശനം എന്ന നിലയിലാണ് ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. കൂടാതെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാമിനേയും അദ്ദേഹം സന്ദര്‍ശിച്ചു.
ബംഗ്ലാദേശ് ഫസ്റ്റ് നയമാണ് തന്റെ സര്‍ക്കാരിന്റെ സമീപനമെന്ന് തരീഖ് റഹ്മാന്‍ വ്യക്തമാക്കി. ഇന്ത്യ, ചൈന, മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായി തുല്യബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
2024-ലെ കലാപത്തിനുശേഷം ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അവാമി ലീഗ് നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിനെ ഹസീന നാടകീയ തിരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിച്ചിരുന്നു.
ജൂലൈ നാഷണല്‍ ചാര്‍ട്ടര്‍ 2025-നെ കുറിച്ചുള്ള ജനവിധിയിലും 68.59 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തു. 84 പരിഷ്‌കാര നിര്‍ദേശങ്ങളില്‍ 47 എണ്ണം ഭരണഘടന ഭേദഗതി ആവശ്യപ്പെടുന്നതാണ്.
