ന്യൂഡല്‍ഹി: പാകിസ്ഥാന്റെ രഹസ്യ ആണവായുധ പരീക്ഷണങ്ങളെക്കുറിച്ച് ഇന്ത്യ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. അനധികൃതവും രഹസ്യവുമായ ആണവപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയസ്വാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ ഇതു സംബന്ധിച്ച് ആഗോള സമൂഹത്തിന്റെ ശ്രദ്ധ നേരത്തെ തന്നെ പല തവണയും ക്ഷണിച്ചിട്ടുണ്ടെന്നും ജയസ്വാല്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പാകിസ്ഥാന്റെ ആണവപരീക്ഷണങ്ങളേക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ഞായറാഴ്ച സി ബി സി ന്യൂസ് ചാനലിലെ 60 മിനുട്‌സ് പരിപാടിക്കു നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. അമേരിക്ക കഴിഞ്ഞ 30 വര്‍ഷമായി ആണവപരീക്ഷണങ്ങള്‍ നടത്താതിരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാനും വടക്കന്‍ കൊറിയയും ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ഇപ്പോഴും ഭൂഗര്‍ഭപരീക്ഷണങ്ങള്‍ നടത്തുന്നു. അവര്‍ അതിനെക്കുറിച്ച് ആരോടും പറയാറില്ല. അത്ര മാത്രം ഭൂമിക്കടിയില്‍ ആണവപരീക്ഷണം നടക്കുന്നു, പുറത്ത് ചെറു തരംഗം മാത്രം അനുഭവപ്പെടുന്നു എന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ പാകിസ്ഥാന്‍ ട്രംപിന്റെ ഈ ആരോപണം തള്ളുകയായിരുന്നു. ആണവപരീക്ഷണം ആദ്യം നടത്തിയതും അതു വീണ്ടും ആരംഭിക്കുന്നതും പാകിസ്ഥാന്‍ ആയിരിക്കില്ലെന്നും ആവുകയില്ലെന്നുമാണ് ഇസ്ലാമാബാദ് പ്രതികരിച്ചത്.
