ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏഴ് ശതമാനമായി ഐ എം എഫ് ഉയര്‍ത്തി

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏഴ് ശതമാനമായി ഐ എം എഫ് ഉയര്‍ത്തി


വാഷിംഗ്ടണ്‍: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) 2024-25 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 20 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) 6.8 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തി. മികച്ച സ്വകാര്യ ഉപഭോഗം മൂലമാണ് വളര്‍ച്ചയില്‍ വര്‍ധനവുണ്ടായത്. ഗ്രാമീണ ഇന്ത്യയാണ് വളര്‍ച്ചയില്‍ വര്‍ധനവ് കൂടുതല്‍ പ്രകടമാക്കിയത്.  വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിന് നല്‍കിയ അപ്ഡേറ്റിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ 6.5 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഐഎംഎഫ് ഉയര്‍ത്തി. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ആഗോള സാമ്പത്തിക ഏജന്‍സി കണക്കാക്കിയതില്‍ മാറ്റമില്ല.

ലോക സമ്പദ്വ്യവസ്ഥ ഈ വര്‍ഷം ഏപ്രിലിലെ മുന്‍ പ്രവചനത്തില്‍ നിന്ന് മാറ്റമില്ലാതെ 3.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 2023ലെ 3.3 ശതമാനം വളര്‍ച്ചയില്‍ നിന്ന് കുറയുമെന്നും ഐഎംഎഫ് പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേര്‍ത്തു. ആഗോള വളര്‍ച്ച പ്രതിവര്‍ഷം ശരാശരി 3.8 ശതമാനമായിരുന്നു.

2024ലെ ആഗോള വളര്‍ച്ചയുടെ പകുതിയോളം ഇന്ത്യയിലും ചൈനയിലുമായിരിക്കുമെന്ന് ഐ എം എഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഐ എം എഫിലെ മുന്‍ ചീഫ് ഇക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ് 'എക്സ്' പോസ്റ്റില്‍ പറഞ്ഞു. അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യയും തുടരുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി 8.2 ശതമാനമായി ഉയര്‍ന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സമ്പദ്വ്യവസ്ഥ യഥാക്രമം 2022-23ല്‍ 7.2 ശതമാനവും 2021-22ല്‍ 8.7 ശതമാനവും വളര്‍ന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഏറ്റവും പുതിയ മോണിറ്ററി പോളിസി മീറ്റിംഗില്‍ 2025ലെ ജി ഡി പി പ്രവചനം നേരത്തെ നിശ്ചയിച്ചിരുന്ന ഏഴ് ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി ഉയര്‍ത്തി.

ഐ എം എഫ് ഈ വര്‍ഷം ചൈനയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലിലെ 4.6 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തിയിരുന്നു. 2023ലെ 5.2 ശതമാനത്തില്‍ നിന്ന് കുറഞ്ഞെങ്കിലും 2024ന്റെ തുടക്കത്തില്‍ ചൈനീസ് കയറ്റുമതിയിലെ കുതിപ്പ് വളര്‍ച്ച രേഖപ്പെടുത്താന്‍ കാരണമായി. 

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈന ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പ്രതീക്ഷിച്ച 5.3 ശതമാനത്തില്‍ നിന്ന് 4.7 ശതമാനമായി കുറഞ്ഞുവെന്ന് ബീജിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഐ എം എഫ് പ്രവചനം പുറത്തുവന്നിരുന്നു. 

ഒരുകാലത്ത് പതിവായി ഇരട്ട അക്ക വാര്‍ഷിക വേഗതയില്‍ വളര്‍ന്നിരുന്ന ചൈനയുടെ സമ്പദ്വ്യവസ്ഥ കാര്യമായ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. പ്രത്യേകിച്ചും ഭവന വിപണിയുടെ തകര്‍ച്ചയും പ്രായമായ ജനസംഖ്യയും തൊഴില്‍ ക്ഷാമം മൂലം രാജ്യം വിടുന്നവര്‍ വര്‍ധിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.  പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് പറയുന്നതനുസരിച്ച് 2029-ഓടെ ചൈനയുടെ വളര്‍ച്ച 3.3 ശതമാനമായി കുറയും.

ഐ എം എഫ് ജപ്പാനിലെ 2024 വളര്‍ച്ച ഏപ്രിലില്‍ വിഭാവനം ചെയ്ത 0.9 ശതമാനത്തില്‍ നിന്ന് 0.7 ശതമാനമായി താഴ്ത്തി. 2023ല്‍ 1.9 ശതമാനമായിരുന്നു നിരക്ക്. ഒരു പ്രധാന ഓട്ടോമൊബൈല്‍ പ്ലാന്റ് അടച്ചുപൂട്ടിയതും ദുര്‍ബലമായ സ്വകാര്യ നിക്ഷേപവുമായതിനാല്‍ ജപ്പാന്റെ ആദ്യ പാദ വളര്‍ച്ച തടസ്സപ്പെട്ടു.