കാരക്കസ്: വെനിസ്വേലയില്‍ യു എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഉണ്ടായ മരണ സംഖ്യയെക്കുറിച്ച് വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. എങ്കിലും, 'ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്' എന്ന ഫോക്‌സ് ന്യൂസ് പരിപാടിയില്‍ സംസാരിച്ച ട്രംപ് ഒരു യു എസ് സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ടു. പിന്നീട് 'ന്യൂയോര്‍ക്ക് പോസ്റ്റ്' പത്രത്തോട് സംസാരിക്കവെ മഡൂറോയെ സംരക്ഷിച്ചിരുന്ന ചില ക്യൂബക്കാര്‍ കൊല്ലപ്പെട്ടതായി ട്രംപ് പറഞ്ഞു. യു എസ് ആക്രമണത്തില്‍ ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചുള്ള ആദ്യ സൂചനയായിരുന്നു ഇത്.
ഓപ്പറേഷനിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ട്രംപ്, സുരക്ഷിതവും വിവേകപൂര്‍ണവുമായ അധികാരമാറ്റം സാധ്യമാകുന്നതുവരെ വാഷിങ്ടണ്‍ വെനിസ്വേലയെ ഭരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. വലിയ യു എസ് എണ്ണക്കമ്പനികള്‍ വെനിസ്വേലയിലെത്തി മോശമായി തകര്‍ന്ന എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുകയും രാജ്യത്തിനായി വരുമാനം സൃഷ്ടിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ ട്രംപിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചു. ചൈന അമേരിക്കയുടെ നടപടിയെ 'അധിനിവേശപരമായ പെരുമാറ്റം' എന്ന് വിശേഷിപ്പിച്ചപ്പോള്‍, റഷ്യ ഈ ഓപ്പറേഷനെ 'സായുധ ആക്രമണ നടപടി' എന്നാണു വിശേഷിപ്പിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യം ക്യൂബയിലെ സര്‍ക്കാരാണോ എന്ന ചോദ്യത്തിന് മറുപടിയായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്യൂബന്‍ സര്‍ക്കാര്‍ വലിയൊരു പ്രശ്‌നമാണ് എന്നാണ് മറുപടി നല്‍കിയത്.
ഇത് 'അതെ' എന്ന അര്‍ഥത്തിലാണോ എന്ന് ചോദിച്ചപ്പോള്‍, അവര്‍ വലിയ പ്രതിസന്ധിയിലാണ് എന്ന് റൂബിയോ പ്രതികരിച്ചു. എന്‍ ബി സി ന്യൂസിന്റെ 'മീറ്റ് ദ പ്രസ്സ്' പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇക്കാര്യത്തില്‍ ഭാവി നടപടികളെയോ നയങ്ങളെയോ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കാന്‍ താന്‍ തയ്യാറല്ലെ്‌നും എന്നാല്‍ ക്യൂബന്‍ ഭരണകൂടത്തിന്റെ വലിയ ആരാധകരല്ല നാം എന്നത് രഹസ്യമല്ലെന്നും റൂബിയോ പറഞ്ഞു.
'ശരിയായ തീരുമാനം' എടുക്കുന്ന വെനിസ്വേലന്‍ നേതാക്കളുമായി സഹകരിക്കാന്‍ യു എസ് തയ്യാറാണെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു.
അവര്‍ എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ എല്ലാം വിലയിരുത്തുകയെന്നും അദ്ദേഹം സി ബി എസ് ന്യൂസിനോട് പറഞ്ഞു. അവര്‍ ശരിയായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ യു എസിന് പല തരത്തിലുള്ള സമ്മര്‍ദ്ദ മാര്‍ഗങ്ങളുമുണ്ടാകുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
വെനിസ്വേലന്‍ ജനങ്ങളുടെ ക്ഷേമം മുന്‍നിരയില്‍ വരണമെന്ന് പോപ്പ് ലിയോ
യു എസ് ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അധികാരത്തില്‍ നിന്ന് നീക്കപ്പെട്ടതിന് പിന്നാലെ വെനിസ്വേലന്‍ ജനങ്ങളുടെ ക്ഷേമം എല്ലാറ്റിനും മുകളിലായിരിക്കണമെന്ന് പോപ്പ് ലിയോ പതിനാലാമന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആഞ്ചലസ് പ്രാര്‍ഥനയ്ക്ക് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പ്രിയപ്പെട്ട വെനിസ്വേലന്‍ ജനതയുടെ ക്ഷേമം എല്ലാത്തരം പരിഗണനകള്‍ക്കും മുകളിലായിരിക്കണം. അത് അക്രമം മറികടക്കാനും നീതിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് നീങ്ങാനും രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനും വഴിയൊരുക്കണം,' പോപ്പ് പറഞ്ഞു.
വെനിസ്വേലയിലെ യു എസ് നടപടിക്ക് ഇസ്രായേലിന്റെ പിന്തുണയെന്ന് നെതന്യാഹു
വെനിസ്വേലയിലെ സൈനിക ഓപ്പറേഷനിലൂടെ നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ യു എസിന്റെ ''ദൃഢമായ തീരുമാനത്തിനും ശക്തമായ നടപടിക്കും'' ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഡൂറോയെ പിടികൂടിയതിനെ ഉത്തരകൊറിയ അപലപിച്ചു
മഡൂറോയെ പിടികൂടിയ യു എസ് നടപടിയെ ഉത്തരകൊറിയ ശക്തമായി അപലപിച്ചു. ഇത് 'പരമാധികാരത്തിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റം' ആണെന്ന് പ്യോങ്യാങ്ങിലെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'വെനിസ്വേലയിലുണ്ടായ യു എസിന്റെ ആധിപത്യവാദ നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,' എന്ന് കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. 'ഈ സംഭവം യു എസിന്റെ നിയമലംഘനപരവും ക്രൂരവുമായ സ്വഭാവം വീണ്ടും തെളിയിക്കുന്നതാണ്,' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മഡൂറോയെ 'തട്ടിക്കൊണ്ടുപോയത്' എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍
വെനിസ്വേലന്‍ ഭരണാധികാരി നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യു എസ് 'തട്ടിക്കൊണ്ടുപോയതായി' ആരോപിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലാറ്റിന്‍ അമേരിക്കന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് അവര്‍ ആഹ്വാനം ചെയ്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) (സി പി ഐ എം), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) ലിബറേഷന്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ അഞ്ചു പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ യു എസ് ഓപ്പറേഷനെ ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ തുറന്ന ലംഘനമെന്ന് വിശേഷിപ്പിച്ചു.
വെനിസ്വേലയുടെ എണ്ണ സമ്പത്ത് പിടിച്ചെടുക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുറന്നുപറഞ്ഞത് ഈ ആക്രമണത്തിന്റെ യഥാര്‍L ലക്ഷ്യം വ്യക്തമാക്കുന്നതായി ഇടതുപാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്യൂബയും മെക്‌സിക്കോയുമാണ് അടുത്ത ലക്ഷ്യമെന്ന് മുന്നറിയിപ്പ് നല്‍കി. യു എസ് ദേശീയ സുരക്ഷാ തന്ത്രം 2025 പുറത്തിറങ്ങിയതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ പ്രസ്താവനകള്‍. ലോകമെമ്പാടും ആധിപത്യം സ്ഥാപിക്കാന്‍ യു എസ് സാമ്രാജ്യത്വം ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകളാണിവയെന്നും പ്രസ്താവനയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
