വാഷിംഗ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈനിക നടപടി വഴി പിടികൂടിയതിന് പിന്നാലെ വെനിസ്വേലയിലെ യഥാര്‍ത്ഥ അധികാരം ആരുടെ കൈയിലാണെന്ന ചോദ്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശയക്കുഴപ്പം. അമേരിക്കയാണ് 'വെനിസ്വേലയെ നിയന്ത്രിക്കുന്നത് ' എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോള്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അത് നിഷേധിച്ച് അമേരിക്കയുടെ പങ്ക് 'എണ്ണ ഉപരോധം നടപ്പാക്കുന്നതിലൊതുങ്ങും' എന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, വെനിസ്വേലയിലെ നിലവിലെ ഭരണകൂടം ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, 'ആരാണ് ചുമതല വഹിക്കുന്നത് എന്ന് ചോദിക്കരുത്; ചോദിച്ചാല്‍ അതീവ വിവാദമാകുന്ന ഉത്തരമാകും. അതായത്, ഇപ്പോള്‍ ഞങ്ങള്‍ക്കാണ് ചുമതല' എന്നായിരുന്നു പ്രതികരിച്ചത്. മഡൂറോ പിടിയിലായതിന് പിന്നാലെ തന്നെ, 'സുരക്ഷിതവും ക്രമബദ്ധവുമായ ഭരണമാറ്റം നടപ്പാകുന്നത് വരെ അമേരിക്ക വെനിസ്വേലയെ നടത്തും' എന്നും ട്രംപ് പറഞ്ഞിരുന്നു. രാജ്യത്തിന്റെ തകര്‍ന്ന എണ്ണ വ്യവസായം പുനര്‍നിര്‍മിക്കാന്‍ വന്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനിസ്വേലയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. വെനിസ്വേലയിലെ ദൈനംദിന ഭരണത്തില്‍ അമേരിക്ക ഇടപെടില്ലെന്നും, എണ്ണ കയറ്റുമതിയിലുളള ഉപരോധം ശക്തമായി നടപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ലിബിയയോ ഇറാഖോ അഫ്ഗാനിസ്താനോ അല്ല. ഇത് പാശ്ചാത്യ അര്‍ദ്ധഗോളമാണ്. ഇവിടെ ഞങ്ങളുടെ ദൗത്യം വ്യത്യസ്തമാണ് ' എന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. വെനിസ്വേലയോടല്ല മയക്കുമരുന്ന് കടത്ത് സംഘങ്ങളോടാണ് അമേരിക്കയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അമേരിക്കയോട് 'യുദ്ധമത്തിനു പകരം സംഭാഷണം' ആണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിച്ച്, സമതുലിതവും പരസ്പര ബഹുമാനപൂര്‍ണവുമായ ബന്ധത്തിനാണ് വെനിസ്വേല ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 'സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമാണ് ഞങ്ങള്‍ പ്രതിബദ്ധരായിരിക്കുന്നത്. അമേരിക്കയുമായി സഹകരിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ് ' എന്നും റോഡ്രിഗസ് വ്യക്തമാക്കി.
'വെനിസ്വേലയ്ക്ക് സമാധാനത്തിനും വികസനത്തിനും സ്വാതന്ത്ര്യത്തിനും ഭാവിക്കും അവകാശമുണ്ട് ' എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച റോഡ്രിഗസ്, മഡൂറോയുടെ മോചനത്തിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചതായും അറിയിച്ചു.
വെനിസ്വേല ആര് ഭരിക്കും? ട്രംപ്-റൂബിയോ വൈരുദ്ധ്യവാക്കുകള്‍ക്കിടെ അധികാരചോദ്യത്തില്‍ ആശയക്കുഴപ്പം
