93ാം വയസില്‍ ചരിത്രവാദത്തിന്റെ നടുവില്‍: മഡൂറോ കേസിന് അദ്ധ്യക്ഷനായ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന്‍

93ാം വയസില്‍ ചരിത്രവാദത്തിന്റെ നടുവില്‍: മഡൂറോ കേസിന് അദ്ധ്യക്ഷനായ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന്‍


ന്യൂയോര്‍ക്ക് : അമേരിക്കന്‍ സേനയുടെ കസ്റ്റഡിയില്‍പ്പെട്ട വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കപ്പെടുമ്പോള്‍, ലോകത്തിന്റെ ശ്രദ്ധ പതിയുന്നത് 93 വയസ്സുള്ള ഒരു മുതിര്‍ന്ന ജഡ്ജിയിലേക്കാണ്. മദൂറോയുടെ കോടതിവാദത്തിന് അദ്ധ്യക്ഷനാകുന്നത് മാന്‍ഹാട്ടനിലെ മുതിര്‍ന്ന യുഎസ് ജില്ലാ ജഡ്ജിയായ ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന്‍.

ദക്ഷിണ ന്യൂയോര്‍ക്ക് ജില്ലാ കോടതിയില്‍ ഏകദേശം മൂന്നു ദശകത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള ഹെല്ലര്‍സ്റ്റീന്‍, അമേരിക്കയിലെ ഏറ്റവും പരിചയസമ്പന്നരായ ഫെഡറല്‍ ജഡ്ജിമാരിലൊരാളാണ്. ഡോണള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട കേസുകള്‍, സെപ്റ്റംബര്‍ 11 ഭീകരാക്രമണങ്ങളുടെ പിന്നാലെ ഉയര്‍ന്ന നിയമവാദങ്ങള്‍, സുഡാനീസ് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങി രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

 മഡൂറോയ്‌ക്കെതിരായി ചാര്‍ജ് ചെയ്തതിനുശേഷം ആറുവര്‍ഷത്തോളം സ്തംഭിച്ചിരുന്ന കേസാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. യുഎസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മഡൂറോ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറിയ കാലഘട്ടത്തിലും, അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി ബന്ധപ്പെട്ട കേസുകള്‍ ഹെല്ലര്‍സ്റ്റീന്‍ പരിഗണിച്ചിരുന്നു. 2024 ഏപ്രിലില്‍, വിരമിച്ച വെനിസ്വേലന്‍ സൈനിക ജനറല്‍ ക്ലിവര്‍ ആല്‍ക്കാലയ്ക്ക് 21 വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ചതും ഹെല്ലര്‍സ്റ്റീനായിരുന്നു. മുന്‍ വെനിസ്വേലന്‍ ഇന്റലിജന്‍സ് മേധാവി ഹ്യൂഗോ കാര്‍വഹാലിന് ഫെബ്രുവരി 23ന് ശിക്ഷ വിധിക്കാനും അദ്ദേഹമാണ് നിശ്ചയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന അറെയ്ന്‍മെന്റില്‍, മഡൂറോയും ഭാര്യയും കുറ്റം നിഷേധിച്ചു. 'ഞാന്‍ നിരപരാധിയാണ്. ഞാന്‍ ഒരു നല്ല മനുഷ്യനാണ്, ഞാന്‍ വെനിസ്വേലയുടെ പ്രസിഡന്റാണ് ; എന്ന മഡൂറോയുടെ വാദം കേള്‍ക്കാന്‍ ഇരിക്കുന്നത്, അമേരിക്കന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ ഏറ്റവും പരിചയസമ്പന്നരിലൊരാളായ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീനാണ്.

രാജ്യാന്തര രാഷ്ട്രീയവും നിയമവ്യവസ്ഥയും ഏറ്റുമുട്ടുന്ന ഈ അപൂര്‍വ കേസില്‍, ഹെല്ലര്‍സ്റ്റീന്റെ വിധിനിര്‍ണയം ചരിത്രപരമായ പ്രാധാന്യമുള്ളതാകുമെന്ന വിലയിരുത്തലിലാണ് നിയമലോകം.